നിരാശകൾ മാത്രം സമ്പാദിച്ച് ലിംഗ്ദോഹ് എ ടി കെ കൊൽക്കത്ത വിട്ടു

രണ്ട് സീസണുകൾക്ക് ശേഷം യുജിൻസൺ ലിങ്ദോഹ് എ ടി കെ വിടാൻ തീരുമാനിച്ചു. കൊൽക്കത്ത ക്ലബും താരവുമായി എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ലിങ്ദോഹ് ക്ലബ് വിടുന്നത്. വൻ പ്രതീക്ഷയിലായിരുന്നു ലിങ്ദോഹ് എ ടി കെയിൽ എത്തിയത് എങ്കിലും അവസാന രണ്ട് സീസണുകളിലും നിരാശ മാത്രമായിരുന്നു ലിങ്ദോഹിന് സമ്പാദ്യം.

കഴിഞ്ഞ സീസണിൽ അഞ്ച് മത്സരങ്ങളും അതിനു മുമ്പത്തെ സീസണിൽ മൂന്ന് മത്സരങ്ങളും മാത്രമാണ് ലിങ്ദോഹ് എ ടി കെയിൽ കളിച്ചത്. ഒരു കോടിക്ക് മുകളിൽ തുക കൊടുത്ത് ടീമിൽ എത്തിച്ച താരത്തിൽ നിന്ന് ഒരു ഗോളോ ഒരു അസിസ്റ്റോ പോലും എ ടി കെയ്ക്ക് ലഭിച്ചില്ല.

രണ്ട് സീസൺ മുമ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായി കണക്കാക്കപ്പെട്ട താരമായിരുന്നു യുജിൻസൺ. ബെംഗളൂരുവിനെ എ എഫ് സി കപ്പ് ഫൈനലിൽ എത്തിച്ചതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. ഇനി ഏതു ക്ലബിലേക്ക് ആകും ലിങ്ദോഹ് പോവുക എന്ന് വ്യക്തമല്ല.