സെമിയിലേക്ക് അടുത്ത് കൊല്‍ക്കത്ത, ഗോവ പുറത്തേക്ക്

ഇഞ്ച്വറി ടൈമില്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ നേടിയ ഗോളിലൂടെ ഗോവയെ പിന്തള്ളി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക്. ബെലെന്‍കോസോയിലൂടെ ആദ്യ പകുതിയില്‍ ലീഡ് നേടിയ കൊല്‍ക്കത്തയെ നിശ്ചിത സമയത്തിനു പത്ത് മിനുട്ട് മാത്രമുള്ളപ്പോള്‍ മന്ദര്‍ റാവു ദേശായിയിലൂടെ ഗോവ സമനിലയില്‍ പിടിക്കുകയായിരുന്നു. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ സ്റ്റീവന്‍ പിയേഴ്സണിലൂടെ കൊല്‍ക്കത്ത മത്സരത്തിലെ രണ്ടാം ഗോള്‍ നേടി. ഗോവയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധ്യത നില‍നില്‍ക്കുന്നുവെന്ന് കണക്കില്‍ പറയാമെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാലും ഗോള്‍ വ്യത്യാസത്തില്‍ പുറത്ത് പോകാനാണ് കൂടുതല്‍ സാധ്യത.

ആദ്യ മിനുട്ടുകളില്‍ തന്നെ ജാവി ലാറയിലൂടെ ലീഡ് ഉയര്‍ത്താനുള്ള അവസരം കൊല്‍ക്കത്തയ്ക്ക് ലഭിച്ചുവെങ്കിലും കട്ടിമണിയുടെ സേവുകള്‍ ഗോവയുടെ രക്ഷയ്ക്കെത്തി. കൊല്‍ക്കത്തയുടെ പൂര്‍ണ്ണ ആധിപത്യത്തിലുള്ള മത്സരത്തില്‍ 28ാം മിനുട്ടില്‍ റൂയിദാസ് നല്‍കിയ മികച്ചൊരു ക്രോസ് ബെലെന്‍കോസോ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഗോള്‍ വീണ ശേഷം ഗോവയെ ചിത്രത്തില്‍ തന്നെ കാണുവാനില്ലായിരുന്നു. ഹെള്‍ഡര്‍ പോസ്റ്റിഗയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിലിടിച്ച് പുറത്ത് പോയതും ഗോവയ്ക്ക് രക്ഷയായി. കൂടുതല്‍ ഗോള്‍ വഴങ്ങാതെ അവര്‍ ആദ്യ പകുതിയ്ക്ക് പിരിയുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ തുടരെ ലഭിച്ച മൂന്ന് കോര്‍ണറുകള്‍ മാത്രമാണ് ആദ്യ പകുതിയില്‍ ഗോവയുടെ ശ്രമങ്ങളെന്ന് വിശേഷിപ്പിക്കാവുന്നത്.

രണ്ടാം പകുതിയില്‍ ഗോവയ്ക്കായി റോമിയോ ഫെര്‍ണാണ്ടസാണ് കളി നിയന്ത്രിച്ചത്. ഇരു ടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മത്സരം ആവേശകരമായെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഇതിനിടയ്ക്ക് കൊല്‍ക്കത്ത ഡിഫന്‍ഡര്‍ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചത് സ്വന്തം പോസ്റ്റിലിടിച്ചത് അവരുടെ നെഞ്ചിടിപ്പ് കൂട്ടി. 80ാം മിനുട്ടില്‍ മന്ദര്‍ ദേശായിയുടെ ഷോട്ട് മജൂംദാറിനെ മറികടന്ന് ഗോള്‍ വലയിലെത്തിയപ്പോള്‍ ഫടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ 18000ത്തോളം വരുന്ന ഗോവന്‍ ആരാധകര്‍ സ്റ്റേഡിയം ആവേശകടലാക്കി മാറ്റി.

ഇരു ടീമുകളും വിജയഗോളിനായി ശ്രമിച്ചപ്പോള്‍ മത്സരത്തിനു ജീവന്‍ വയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇഞ്ച്വറി ടൈമില്‍ സമീ ഡൗട്ടി എടുത്ത ഷോട്ട് ക്രോസ്ബാറില്‍ തട്ടിയകന്നപ്പോള്‍ സ്റ്റീവന്‍ പിയേഴ്സണ്‍ എടുത്ത ഷോട്ട് കട്ടിമണി സേവ് ചെയ്യുകയായിരുന്നു. എന്നാല്‍ മത്സരം അവസാനിക്കാന്‍ രണ്ട് മിനുട്ട് മാത്രം ശേഷിക്കെ സമീ ഡൗട്ടി നല്‍കിയ പന്ത് കട്ടിമണിയുടെ കാലുകള്‍ക്കിടയിലൂടെ അടിച്ച് പിയേഴ്സണല്‍ ഗോവന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.