കേരളത്തിനു കാത്തിരിപ്പ്, സെമി ഉറപ്പിച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ അത്‍ലറ്റിക്കോ കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ അവസാനിച്ചു. സമനിലയോടെ 19 പോയിന്റുകളോടു കൂടി കൊല്‍ക്കത്ത സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി. 19 പോയിന്റുകളുണ്ടെങ്കിലും ഗോള്‍ ശരാശരി മോശമായതിനാല്‍ നോര്‍ത്തീസ്റ്റിന്റെ ശേഷിക്കുന്ന മത്സര ഫലങ്ങളെ ആശ്രയിച്ചായിരിക്കും കേരളത്തിന്റെ സെമി സാധ്യതകള്‍. സികെ വിനീത് കേരളത്തിനായി ഗോള്‍ നേടിയപ്പോള്‍ ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി കളിച്ച സ്റ്റീഫന്‍ പിയേഴ്സണാണ് കൊല്‍ക്കത്തയ്ക്കായി സമനില ഗോള്‍ നേടിയത്. സെമിയില്‍ പ്രവേശിച്ചത് വഴി മൂന്ന് സീസണിലും സെമിയില്‍ കയറുന്ന ഏക ടീമായി കൊല്‍ക്കത്ത മാറി.

ആദ്യ മിനുട്ടുകളില്‍ കേരളത്തിന്റെ ആക്രമണങ്ങളോടു കൂടിയാണ് മത്സരം തുടങ്ങിയത്. അഞ്ചാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ ഹെഡ് ചെയ്ത സന്ദേശ് ജിങ്കാന് പന്ത് ദേബ്ജിത് മജൂംദാറിനു നേരെ തിരിച്ചു വിടാനെ സാധിച്ചുള്ളു. എട്ടാം മിനുട്ടില്‍ കൊല്‍ക്കത്തയുടെ പിഴവില്‍ നിന്നാണ് കേരളം ലീഡ് നേടുന്നത്. ഗോള്‍മുഖത്തേക്ക് വന്ന ക്രോസ് കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തില്‍ പാളിപ്പോയ കൊല്‍ക്കത്ത കീപ്പര്‍ ദേബ്ജിത് മജൂംദാറിന്റെ കൈകളില്‍ നിന്ന് താഴെവീണ പന്ത് ഹെങ്ബാര്‍ട് ലോബ് ചെയ്തത് പന്ത് സികെ വിനീത് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

18ാം മിനുട്ടിലെ മികച്ച മുന്നേറ്റത്തില്‍ നിന്നാണ് കൊല്‍ക്കത്തയുടെ സമനില ഗോള്‍ പിറന്നത്. ഇയാന്‍ ഹ്യൂം നല്‍കിയ വണ്‍ ടച്ച് പാസ് ഇടത് വശത്തേക്ക് ഓടിക്കയറിയ പിയേഴ്സണ് ഹെല്‍ഡര്‍ പോസ്റ്റിഗ കൊടുത്തപ്പോള്‍ പിയേഴ്സണിനു മറികടക്കാനുണ്ടായിരുന്നത് കേരള കീപ്പര്‍ ഗ്രഹാം സ്റ്റാക്കിനെ മാത്രമായിരുന്നു. ടൂര്‍ണ്ണമെന്റിലെ രണ്ടാം ഗോള്‍ നേടി പിയേഴ്സണ്‍ കൊല്‍ക്കത്തയ്ക്ക് സമനില നേടിക്കൊടുത്തു. ഗോള്‍ വീണ ശേഷം ഇരുവരും സമനിലയ്ക്കായി കളിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ പകുതിയിലെ അവസാന നിമിഷങ്ങളിലെ പോലെ രണ്ടാം പകുതിയിലും ഇരു ടീമുകളും മത്സരം പതിയെ മുന്നോട്ട് നീക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 77ാം മിനുട്ടില്‍ കേരളത്തിനാണ് രണ്ടാം പകുതിയിലെ മികച്ച അവസരം ലഭിച്ചത്. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് മുഹമ്മദ് റാഫി ഗോള്‍മുഖത്തേക്കടിച്ചെങ്കിലും പ്രീതം കോടാലിന്റെ ശരീരത്തടിച്ച് പോവുകയായിരുന്നു. ഇരു ടീമുകള്‍ക്കും വേറെ അവസരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഈ ഫലത്തോടു കൂടി പൂനെയും ചെന്നൈയും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. കൊല്‍ക്കത്തയുടെ സ്റ്റീഫന്‍ പിയേഴ്സണാണ് ഹീറോ ഓഫ് ദി മാച്ച്.