മുംബൈയില്‍ ഗോള്‍രഹിത സമനില, കൊല്‍ക്കത്ത ഫൈനലിലേക്ക്

ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആദ്യ പാദത്തിലെ 3-2 വിജയത്തിന്റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്ത ഫൈനലില്‍ കടന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം റോബര്‍ട് ലാല്‍ത്ലാമൗനയ്ക്ക് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ച ശേഷം പത്ത് പേരുമായി കളിച്ച കൊല്‍ക്കത്തയ്ക്കെതിരെ ഗോള്‍ നേടുവാന്‍ മുംബൈയ്ക്കായില്ല.

മത്സരത്തിലെ ആദ്യ അവസരം ലഭിച്ച സുനില്‍ ഛേത്രി കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജൂംദാറിനു നേരെ ഷോട്ടുതിര്‍ക്കുകയായിരുന്നു. 42ാം മിനുട്ടില്‍ മത്സരത്തില്‍ ലഭിച്ച രണ്ടാം മഞ്ഞ കാര്‍ഡിനാല്‍ കൊല്‍ക്കത്തയുടെ ലാല്‍ത്ലാമൗന പുറത്താക്കപ്പെടുകയായിരുന്നു. പത്ത് പേരായി ചുരുങ്ങിയ കൊല്‍ക്കത്ത ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെയാണ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്.

രണ്ടാം പകുതിയില്‍ മുംബൈയുടെ ആക്രമണങ്ങളോടു കൂടിയാണ് മത്സരം പുരോഗമിച്ചത്. മുംബൈ മുന്നേറ്റനിര ഗോള്‍ നേടുവാന്‍ കഴിയാതെ വന്നപ്പോള്‍ പല ശ്രമങ്ങളും കൊല്‍ക്കത്ത സ്റ്റോപ്പര്‍ തടുക്കുകയായിരുന്നു. 60ാം മിനുട്ടില്‍ മികച്ചൊരു അവസരം കിട്ടിയ ബെലെന്‍കോസോ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. 76ാം മിനുട്ടില്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ തൊടുത്ത ഷോട്ട് ക്രോസ്ബാറിനു പുറത്തേക്ക് പോകുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മികച്ച രണ്ട് അവസരങ്ങള്‍ മുംബൈയ്ക്ക് ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റുവാന്‍ അവര്‍ക്കായില്ല.

ജാവി ലാറയാണ് ഹീറോ ഓഫ് ദി മാച്ച്.