കൊല്‍ക്കത്ത രണ്ടാം തവണയും ചാമ്പ്യന്മാര്‍

ഹീറോ ഐഎസ്എല്‍ 2016 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പെനാള്‍ട്ടിയില്‍ 4-3 നു പരാജയപ്പെടുത്തി അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി. കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിനു പെനാള്‍ട്ടിയില്‍ പിഴച്ചപ്പോള്‍ കേരളത്തിനു വേണ്ടി എന്‍ഡോയേ , സെഡ്രിക് ഹെങ്ബാര്‍ട് എന്നിവര്‍ അവസരം നഷ്ടപ്പെടുത്തി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 നു സമനില പാലിയ്ക്കുകയായിരുന്നു. 37ാം മിനുട്ടില്‍ മുഹമ്മദ് റാഫിയിലൂടെ ലീഡ് നേടിയ കേരളത്തെ 44ാം മിനുട്ടില്‍ സെറീനോ നേടിയ ഗോളിലൂടെ സമനിലയില്‍ തളയ്ക്കുകയായിരുന്നു കൊല്‍ക്കത്ത.

പത്താം മിനുട്ടില്‍ കേരളത്തിനു ലഭിച്ച മികച്ചൊരു അവസരത്തിലൂടെയാണ് മത്സരം ചൂടുപിടിച്ചത്. റാഫിയുടെ ഷോട്ട് കൊല്‍ക്കത്തയുടെ പ്രതിരോധ ഭടന്‍ ടിരി ബ്ലോക്ക് ചെയ്യുകയായിരുന്നു. കൊല്‍ക്കത്തയുടെ നീക്കങ്ങളിലെല്ലാം തന്നെ ഇയാന്‍ ഹ്യൂമിന്റെ ടച്ച് ഉണ്ടായിരുന്നു. ഹെല്‍ഡര്‍ പോസ്റ്റിഗയോടൊപ്പം ചേര്‍ന്ന് ഹ്യൂം മികച്ച അവസരങ്ങള്‍ തുറന്നെടുത്തുവെങ്കിലും പോസ്റ്റിഗയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. മിനുട്ടുകള്‍ക്ക് ശേഷം കേരളത്തിന്റെ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് സമീ ഡൗട്ടിയുടെ ശ്രമം തടയുകയായിരുന്നു. പോസ്റ്റിഗയ്ക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തുകയല്ലായിരുന്നു. 37ാം മിനുട്ടില്‍ കേരളത്തിനു ലഭിച്ച ആദ്യ കോര്‍ണര്‍ കിക്ക് തന്നെ ഗോളാക്കി മാറ്റാന്‍ ആതിഥേയര്‍ക്കായി. മെഹ്താബ് ഹൊസ്സൈന്‍ നല്‍കിയ മികച്ചൊരു കിക്ക് ഉയര്‍ന്ന് ചാടിയ മുഹമ്മദ് റാഫി ഗോളാക്കി മാറ്റുകയായിരുന്നു. 7 മിനുട്ടുകള്‍ക്ക് ശേഷം മറ്റൊരു കോര്‍ണര്‍ കിക്കില്‍ നിന്ന് ഗോള്‍ സ്കോര്‍ ചെയ്ത് സെറീനോ കൊല്‍ക്കത്തയ്ക്ക് സമനില ഗോള്‍ നേടി. ആദ്യ പകുതി ഇരു ടീമുകളും 1-1 എന്ന സ്കോറിനു പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ മധ്യ നിരയിലായിരുന്നു കൂടുതല്‍ സമയവും കളി നടന്നത്. ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും മികച്ച അവസരങ്ങള്‍ ഒഴിഞ്ഞു നിന്നു. മത്സരം അധിക സമയത്തേക്ക് നീങ്ങിയപ്പോള്‍ 110 മിനുട്ടില്‍ കൊല്‍ക്കത്തയ്ക്ക് മികച്ചൊരു അവസരം ലഭിച്ചുവെങ്കിലും റാള്‍ട്ടേ നല്‍കിയ മികച്ചൊരു ക്രോസ് ഗോളാക്കി മാറ്റുവാന്‍ ആരും തന്നെ ഗോള്‍മുഖത്തുണ്ടായിരുന്നില്ല. മത്സരം തീരുവാന്‍ രണ്ട് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ കേരളത്തിന്റെ ബെല്‍ഫോര്‍ടിന്റെ മികച്ചൊരു ഷോട്ട് ജുവല്‍ രാജ ബ്ലോക്ക് ചെയ്യുകയായിരുന്നു. നിശ്ചിത സമയവും അധിക സമയും 1-1 സ്കോറില്‍ പിരിഞ്ഞപ്പോള്‍ മത്സരം പെനാള്‍ട്ടിയിലേക്ക് കടന്നു.

കേരളത്തിനായി ആദ്യ കിക്കെടുത്തത് കഴിഞ്ഞ മത്സരത്തില്‍ അവസരം നഷ്ടമാക്കിയ ജര്‍മ്മന്‍ ആയിരുന്നു. കഴിഞ്ഞ മത്സരത്തിലെ കുറവ് ജര്‍മ്മന്‍ നികത്തി ജര്‍മ്മന്‍ ആദ്യ കിക്ക് ഗോളാക്കി മാറ്റി. കൊല്‍ക്കത്തയ്ക്കായി ആദ്യാവസരത്തിനെത്തിയ ഇയാന്‍ ഹ്യൂമിന്റെ ശ്രമം ഗ്രഹാം സ്റ്റാക്ക് തടഞ്ഞപ്പോള്‍ കേരളത്തിനു പെനാള്‍ട്ടിയില്‍ 1-0 ലീഡ്. രണ്ടാം കിക്കെടുത്ത ബെല്‍ഫോര്‍ടും സമി ഡൗട്ടിയും ശ്രമങ്ങള്‍ ഗോളാക്കി മാറ്റിയപ്പോള്‍ സ്കോര്‍ 2-1.
മൂന്നാമത്തെ കിക്കെടുക്കാന്‍ വന്ന എല്‍ഹാദ്ജി എന്‍ഡോയെയുടെ ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയപ്പോള്‍ കൊല്‍ക്കത്തയുടെ നായകന്‍ ബോര്‍ജ്ജ ഫെര്‍ണാണ്ടസ് മത്സരം 2-2നു ഒപ്പത്തിനെത്തിച്ചു. റഫീക്കും ജാവി ലാറയും നാലാം കിക്കുകള്‍ ഗോളാക്കി മാറ്റിയപ്പോള്‍ സ്കോര്‍ 3-3. എന്നാല്‍ കേരളത്തിന്റെ നായകന്‍ ഹെങ്ബാര്‍ടിന്റെ ശ്രമം വലത്തോട് ചാടി ദേബ്ജിത് മജൂംദാറിന്റെ കാല്പാദത്തില്‍ തട്ടിയകന്നപ്പോള്‍ കൊല്‍ക്കത്തയുടെ ജുവല്‍ രാജ സ്റ്റാക്കിനെ മറികടന്നു കൊല്‍ക്കത്തയ്ക്ക് രണ്ടാം കിരീടം നേടിക്കൊടുത്തു. സ്കോര്‍ 4-3.