ആദ്യ പാദ സെമി ഫൈനൽ:മുംബൈ സിറ്റിയെ തകർത്ത് അത്ലറ്റികോ, ഫോർലാനു റെഡ്

രബിന്ദ്ര സരോവർ: ഒന്നാം പാദ സെമി ഫൈനലിൽ മുംബൈ സിറ്റിയെ 3-2നു തകർത്ത് അത്ലറ്റിക്കോ ഡി കൊൽക്കത്ത. അത്ലറ്റികോയ്ക് വേണ്ടി റാൾട്ടെ ഒരു ഗോളും, ഇയാൻ ഹ്യൂം രണ്ട് ഗോളും നേടി. ലിയോ കോസ്റ്റേയും ഗെർസണുമാണ് മുംബൈയ്ക്ക് വേണ്ടി ഗോളുകൾ അടിച്ചത്. മത്സരത്തിന്റെ 73ആം മിനുട്ടിൽ മുംബൈ മാർക്കി താരം ഫോർലാൻ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തായി.

കൊൽക്കത്ത ശക്തമായി തുടങ്ങിയ ഒന്നാം പകുതിയുടെ മൂന്നാമത്തെ മിനുട്ടിൽ തന്നെ അവർ ലീഡ് നേടി. ബോജ്ര ഫെർണാണ്ടസ് നൽകിയ ക്രോസ്, സേന റാൾട്ടെ ഹെഡ് ചെയ്താണ് കൊൽക്കത്തയുടെ ആദ്യ ഗോൾ പിറന്നത്. ഗോൾ വീണ ശേഷം മുംബൈ ഉണർന്നുകളിച്ചു. 10 ആം മിനുട്ടിൽ ഫോർലാന്റെ മനോഹരമായ ഫ്രീകിക്ക് ഹെഡ് ചെയ്ത് ലിയോ കോസ്റ്റ മുംബൈയുടെ സമനില ഗോൾ നേടി. 19ആം മിനുട്ടിൽ തന്നെ മുംബൈ രണ്ടാം ഗോൾ അടിച്ചു. ഫോർലാൻ എടുത്ത രണ്ടാമത്തെ ഫ്രീകിക്ക്‌ ഒരു ബുള്ളറ്റ് ഹെഡറിലൂടെ ഫിനിഷ് ചെയ്ത് മുംബൈ ലീഡ് കരസ്ഥമാക്കി. 39ആം മിനുട്ടിൽ ദൗതിയുടെ അസിസ്റ്റിൽ ഇയാൻ ഹ്യൂം കൊൽക്കത്തയ്ക്ക് വേണ്ടി സമനില ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ റാൽട്ടെ ദൗതിയെ ബോക്സിൽ വച്ച് ഫൗൾ ചെയ്തതുകൊണ്ട് ലഭിച്ച പെനാൽറ്റി, ഇയാൻ ഹ്യൂം ലക്ഷത്തിലെത്തിച്ച് അത്ലറ്റികോയ്ക് ലീഡ് നൽകി. ഒന്നാം പകുതിയിൽ ഫോർലാനും കഫുവും റാൾട്ടെയും മഞ്ഞ കാർഡ് കണ്ടു.

രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. ഗോൾ കീപ്പർ അമ്രിന്ദറിന്റെ ഉജ്ജ്വലമായ സേവുകൾ കൊൽക്കത്തയുടെ ലീഡ് വർധിപ്പിക്കാതെ മുംബൈ സിറ്റിയെ മത്സരത്തിൽ പിടിച്ചു നിർത്തി. 73ആം മിനുട്ടിൽ ജുവലിനെ ഫൗൾ ചെയ്‌ത ഫോർലാൻ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് മത്സരത്തിൽ നിന്നും പുറത്തായി. പിന്നിട് 10 പേരുമായി കളിച്ച മുംബൈക് അത്ലറ്റികോ ഗോൾ മുഖത്ത് കാര്യമായി ഒന്നും ചെയ്യാനായില്ല. മത്സരം 3-2 എന്ന സ്കോറിന് അവസാനിച്ചു.
രണ്ടാം പാദ സെമി ഫൈനൽ മുംബൈ ഫുട്ബാൾ അറിനയിൽ നടക്കും. നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെതിരെ കൊച്ചിയിൽ ഇറങ്ങും.