ജംഷഡ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക്, കോപ്പലാശാന്‍ ഇനി എടികെ പരിശീലകന്‍

- Advertisement -

മുന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ഇനി എടികെ പരിശീലകന്‍. ഇന്ന് തന്നെ എടികെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. കോപ്പല്‍ അവസാനവട്ട ചര്‍ച്ചകള്‍ക്കായി കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അന്തിമ തീരുമാനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പ്രഖ്യാപനം ഉടനടിയുണ്ടാകുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

കഴിഞ്ഞ സീസണില്‍ ലീഗിലെ പുതുമുഖങ്ങളായ ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനായിരുന്ന കോപ്പല്‍ പുതിയ ഐഎസ്എല്‍ സീസണില്‍ കൊല്‍ക്കത്തയെ പരിശീലിപ്പിക്കുമെന്ന് ക്ലബ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ടെഡി ഷെറിംഗമിനെയും ആഷ്ലി വെസ്റ്റ് വുഡിനെയും പരീക്ഷിച്ച കൊല്‍ക്കത്തയ്ക്ക് കാര്യമായ പ്രഭാവം ടൂര്‍ണ്ണമെന്റിലുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. സീസണ്‍ അവസാനത്തോടെ റോബി കീനെ കളിക്കാരന്റെയും മാനേജറുടെയും ഇരട്ട റോളില്‍ കൊല്‍ക്കത്ത പരീക്ഷിച്ചുവെങ്കിലും സീസണ്‍ 9ാം സ്ഥാനക്കാരായാണ് എടികെ അവസാനിപ്പിച്ചത്.

സൂപ്പര്‍ കപ്പില്‍ അവസാന 16ല്‍ എത്തിയെങ്കിലും അവിടെ എഫ്സി ഗോവയോട് തോല്‍വിയേറ്റു വാങ്ങി കൊല്‍ക്കത്ത പുറത്താകുകയായിരുന്നു. അതേ സമയം ജംഷഡ്പൂര്‍ എഫ്സിയുമായി ആദ്യ സീസണില്‍ അഞ്ചാം സ്ഥാനത്ത് കോപ്പല്‍ എത്തി. കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്‍ ഫൈനല്‍ വരെ എത്തിക്കുവാന്‍ കോപ്പലിനു സാധിച്ചുവെങ്കിലും അടുത്ത സീസണില്‍ ക്ലബ്ബുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ മലയാളികളുടെ പ്രിയപ്പെട്ട ആശാനു സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement