ആഷികിനെ സ്വന്തമാക്കൻ ഐ എസ് എൽ ക്ലബുകൾ സ്പെയിനിൽ

- Advertisement -

ആഷിക് വിതയത്തിൽ, എ എസ് റോമയിലും ജർമ്മൻ ക്ലബിനും പിന്നീട് സ്പെയിനിലേക്കുമൊക്കെ ചേക്കേറിയ കേരള മണ്ണിന്റെ ആ അത്ഭുത പ്രതിഭ വീണ്ടും വാർത്തകളിൽ എത്തുകയാണ്. യൂറോപ്യൻ ഫുട്ബോളിൽ സജീവ സാന്നിദ്ധ്യമായി മാറിയ ആഷിക്ക് വിതയത്തിൽ തിരിച്ച് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് എത്തുന്നതായാണ് വാർത്ത. ഇപ്പോൾ സ്പെയിനിലെ എഫ് സി മലാഗ സിറ്റി അക്കാദമി ടീമിലെ താരമായ ആഷിക്ക് ഐ എസ് എല്ല് കളിക്കാൻ എത്തുമെന്നാണ് വിവരങ്ങൾ. എഫ് സി പൂനെ സിറ്റി ഉൾപ്പെടെ മൂന്നോളം ഐ എസ് എൽ ക്ലബുകളാണ് ഈ മലയാളി സ്വന്തമാക്കാൻ വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത്.

ആലുവ ആലങ്ങാട് സ്വദേശിയായ ആഷിഖ് കഴിഞ്ഞ വർഷമവസാനമാണ് എഫ് സി മലാഗ സിറ്റി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മലാഗ അക്കാദമി ടീമിലെ പ്രകടനമാണ് ആഷിക്കിനെ ഐ എസ് എൽ ക്ലബുകളുടെ കണ്ണിലെത്തിച്ചത്. ഫോർവേഡായി കളിക്കുന്ന ആഷിക് മലാഗയ്ക്കു വേണ്ടി കളിച്ച സൗഹൃദ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ്, ഡോർട്മെന്റ്, സി ഡി കൊർദോബ തുടങ്ങിയ മികച്ച അക്കാദമി ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്.

സ്കൂൾ കാലഘട്ടം മുതൽ ഫുട്ബോൾ ടീമുകളിൽ തിളങ്ങിയ ആഷിക് എറണാകുളം ബൈസെന്റൈൻ ക്ലബിൽ കളിച്ചിട്ടുണ്ട്. മാതാപിതാക്കൾ ഇറ്റലിയിലേക്ക് താമസം മാറിയതാണ് ആഷികിന്റെ കരിയറിൽ വഴിത്തിരിവായത്. ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബായ എ എസ് റോമ കളിമികവ് കണ്ട് ആഷികിനെ അക്കാദമിയിലേക്ക് ചേർക്കുകയായിരുന്നു. എ എസ് റോമ അക്കാദമിയിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ആഷിക്. ഇറ്റാലിയൻ ഇതിഹാസം ടോട്ടി അടക്കമുള്ള റോമ സീനിയർ ടീമിന്റെ കൂടെ പരിശീലനം നടത്താനും ആഷിഖിന് റോമ അക്കാദമി കാലത്തായി. പിന്നീട് എവർട്ടണിൽ ട്രയൽസ് ലഭിച്ചു എങ്കിലും അണ്ടർ 21 ടീമിലേക്ക് കയറാൻ കഴിഞ്ഞില്ല.

ഇറ്റലിയിൽ നിന്ന് ആഷിക് ജർമ്മൻ ഇന്റർനാഷണൽ അക്കാദമിയിലേക്ക് എത്തിയത് മലയാള മാധ്യമങ്ങളിൽ വാർത്തയായിരുന്നു. വലിയ തുക ചിലവായി വേണ്ടിയിരുന്ന അക്കാദമിയിലെ ജർമ്മൻ അക്കാദമിയിലെ പരിശീലനത്തിന് ആഷികിനെ വിഷമം അറിഞ്ഞ് സഹായിച്ചത് നടൻ മോഹൻലാലായിരുന്നു. അക്കാദമിയിലെ പ്രകടനം ആഷികിനെ ബൊറൂസിയ എംസ്ദത്തണ് സീനിയർ ടീമിൽ എത്തിച്ചു. 5 ഗോളുകളും മൂന്നു അസിസ്റ്റും വെറും പത്തു മത്സരങ്ങളിൽ നിന്ന് അവിടെ ആഷിക് സ്വന്തമാക്കി. ബയേൺ മ്യൂണിക്കിന്റെ അണ്ടർ 21 ടീമുകളടക്കം കളിക്കുന്ന ലീഗിലായിരുന്നു ഈ നേട്ടം.

റയൽ മാഡ്രിഡ് ബിസിനസ് സ്കൂൾ പ്രതിനിധിയായ മെബിൻ സാം മാത്യു ആണ് ആഷികിന്റെ സ്കൗട്ട് ചെയ്യുന്നതും ആഷികിന് അവസരങ്ങൾ ഒരുക്കി കൊടുക്കുന്നതും. ആഷിഖിന്റെ ഏജന്റും ഇപ്പോൾ മെബിൻ സാം മാത്യുവാണ്. മെബിനും മലയാളിയാണ്. അണ്ടർ 21 താരമാണ് എന്നതാണ് ആഷികിനെ നേരിട്ട് ഡ്രാഫ്റ്റില്ലാതെ സൈൻ ചെയ്യാനുള്ള അവസരം ഒരുങ്ങാൻ കാരണം. ഗോളടിക്കുന്നതിലും ഗോൾ അവസരം ഒരുക്കുന്നതിലും ഒരേ പോലെ മികവുള്ള താരത്തെ സ്വന്തമാക്കിയാൽ ക്ലബുകൾക്ക് അത് വലിയ നേട്ടമാകും.

യൂറോപ്പിൽ തിളങ്ങുന്നുണ്ട് എങ്കിലും സ്വന്തം രാജ്യത്ത് തിരിച്ചെത്തി ഇന്ത്യൻ ജേഴ്സിയിൽ രാജ്യത്തിനു വേണ്ടി കളിക്കണമെന്നതാണ് ആഷികിന്റെ സ്വപ്നം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement