Picsart 22 12 24 21 49 47 266

ഫലം കാണുന്ന അനീസെയുടെ തന്ത്രങ്ങൾ; ക്രിസ്തുമസ് സമ്മാനം ആയി നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ വിജയം

കോച്ച് അൽബെർട്ടോ അനീസെയുടെ തന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങിയപ്പോൾ നോർത്ത്ഈസ്റ്റ് യുനൈറ്റഡ് സീസണിലെ ആദ്യ വിജയം നുകർന്നു. തുടർച്ചയായ പത്ത് മത്സരങ്ങളിൽ തോൽവി അറിഞ്ഞ ശേഷം എത്തിയ ടീം മോഹൻബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ജോർദൻ വിൽമർ ഗിൽ ആണ് മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്. തോറ്റെങ്കിലും മോഹൻബഗാൻ മൂന്നാം സ്ഥാനത്ത് തുടരും.

കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത മെച്ചപ്പെട്ട പ്രകടനത്തിന്റെ തുടർച്ചയാണ് നോർത്ത് ഈസ്റ്റ് ഈ മത്സരത്തിലും കാഴ്ച്ചവെച്ചത്. ആദ്യ നിമിഷങ്ങളിൽ എടികെ മോഹൻ ബഗാൻ പല തവണ എതിർ ബോക്സിന് സമീപം എത്തി. ആശിഷ് റായിയിൽ നിന്നെത്തിയ പന്തിൽ പോസ്റ്റിന് തൊട്ടു മുന്നിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ലിസ്റ്റൻ കോളാസോ തൊടുത്ത ഷോട്ട് പക്ഷെ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പതിയെ താളം വീണ്ടെടുത്ത നോർത്ത് ഈസ്റ്റ് അപകടകരമായ അവസരങ്ങൾ പല തവണ സൃഷ്ടിച്ചെടുത്തു. വിൽമറും എമിൽ ബെന്നിയും ഗോഗോയിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച ശേഷം പ്രതിരോധ താരത്തെ വകഞ്ഞു മാറ്റി വിൽമർ തൊടുത്ത നിലം പറ്റെയുള്ള ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. പ്രഗ്യാൻ ഗോഗോയി തൊടുത്തു വിട്ട ലോങ് റേഞ്ചർ പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി.

രണ്ടാം പകുതിയിലും ടീമുകൾ ആക്രമണം തുടർന്നു. അറുപതിയൊൻപതാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് അർഹിച്ച ഗോൾ നേടി. വലത് വിങ്ങിലൂടെ എത്തിയ ത്രൂ ബോൾ ഓടിയെടുത്ത എമിൽ ബെന്നി വിൽമറിന് അളന്നു മുറിച്ചു നൽകിയ ക്രോസ് താരം അനായാസം ഉയർന്ന് ചാടി ഹെഡറിലൂടെ വലയിൽ എത്തിച്ചു. കീപ്പർ മിർഷാദിന്റെ പ്രകടനവും നോർത്ത് ഈസ്റ്റിന് നിർണായകമായി. അവസാന മിനിറ്റുകളിൽ എമ്മിൽ ബെന്നിയുടെ പൊള്ളുന്ന ഒരു ലോങ് റേഞ്ചർ കീപ്പർ തട്ടിയകറ്റി.

Exit mobile version