
ഇന്ത്യയുടെ ഏറ്റവും മികച്ച ഡിഫൻഡർ അനസ് എടത്തൊടിക ഐ എസ് എല്ലിൽ തന്നെ കളിക്കും എന്ന് ഉറപ്പായി. ഐ ലീഗിലെ പല വമ്പൻ ക്ലബുകളും കൊടുത്ത ഓഫറുകൾ നിരസിച്ച് ഐ എസ് എൽ ഡ്രാഫ്റ്റിനു തന്നെ അനസ് എടത്തൊടിക സൈൻ ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് നടന്ന മെഡിക്കലിനു ശേഷമാണ് അനസ് എടത്തൊടിക ഡ്രാഫ്റ്റിൽ സൈൻ ചെയ്തത്.
ജൂലൈ 23നോ 24നോ ആണ് ഐ എസ് എൽ ഡ്രാഫ്റ്റ് നടക്കുക. ഇത്തവണ ഡ്രാഫ്റ്റിൽ ഏറ്റവും വിലപിടിപ്പുള്ള താരമാകും അനസ് എടത്തൊടിക എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യൻ നാഷണൽ ടീമിനു വേണ്ടിയും ഡെൽഹി ഡൈനാമോസിനു വേണ്ടിയും ഐ ലീഗിൽ മോഹൻബഗാനു വേണ്ടിയും നടത്തിയ ഗംഭീര പ്രകടനം അനസിനെ രാജ്യത്തെ ഏറ്റവും മികച്ച ഡിഫൻഡർ പുരസ്കാരത്തിനും ഒപ്പം കളിക്കാരുടെ അസോസിയേഷന്റെ രാജ്യത്തെ ഏറ്റവും നല്ല കളിക്കാരനുള്ള പുരസ്കാരവും നേടിക്കൊടുത്തിരുന്നു.
ഡ്രാഫ്റ്റിൽ നിലനിർത്താൻ അവസരം ഉണ്ടായിട്ടും ഡെൽഹി ഡൈനാമോസ് അനസിനെ സ്വന്തമാക്കിയിരുന്നില്ല. ഡ്രാഫ്റ്റിൽ എത്തുന്നതോടെ മുഴുവൻ ക്ലബുകളും അനസിനെ സ്വന്തമാക്കം എന്ന പ്രതീക്ഷയിലാണ്. ആദ്യ രണ്ടു റൗണ്ടുകൾ കഴിഞ്ഞേ കേരള ബ്ലാസ്റ്റേഴ്സിന് ഡ്രാഫ്റ്റിൽ പങ്കെടുക്കാൻ കഴിയൂ എന്നതു കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് അനസിനെ സ്വന്തമാക്കാൻ അവസരം കിട്ടാൻ സാധ്യത കുറവാണ്.
അനസിനെ കൂടാതെ റാഫി, റിനോ ആന്റോ എന്നിവരും ഇതിനകം മെഡിക്കൽ പൂർത്തിയാക്കി ഡ്രാഫ്റ്റിൽ സൈൻ ചെയ്തും. അഞ്ചോളം മലയാളി താരങ്ങൾ കൂടി ഇന്ന് ഡ്രാഫ്റ്റിൽ സൈൻ ചെയ്യും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial