
ജംഷദ്പൂർ എഫ് സി ഡിഫൻസിന്റെ നെടുംതൂണായ അനസ് എടത്തൊടിക ഇനിയും മൂന്നാഴ്ച കൂടെ ചുരുങ്ങിയത് കളം വിട്ടു നിൽക്കേണ്ടി വരും. കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു അനസിന് പരിക്കേറ്റത്. അതിനു ശേഷം താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഗ്രോയിൻ ഇഞ്ച്വറിയുടെ ചികിത്സക്കായി അനസ് എടത്തൊടിക ടീം ക്യാമ്പ് വിട്ട് തൃശ്ശൂരിലേക്ക് വന്നിരിക്കുകയാണ്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളം അനസ് ചികിത്സയിൽ ഉണ്ടാകും. കഴിഞ്ഞ സീസണിലും ഗ്രോയിൻ ഇഞ്ച്വറി കാരണം അനസിന് കളം വിട്ടു നിൽക്കേണ്ടി വന്നിരുന്നു.
ഇന്ന് നടക്കുന്ന ഡെൽഹി ഡൈനാമോസുമായുള്ള മത്സരം, പൂനെ സിറ്റിയുമായുള്ള മത്സരം, ബെംഗളൂരുവുമായുള്ള മത്സരം എന്നിവ അനസിന് നഷ്ടമാകും. ചെന്നൈയിൻ എഫ് സിയുമായുള്ള മത്സരത്തിന് എങ്കിലും അനസിന് തിരിച്ചു ലഭിക്കും എന്നാണ് ജംഷദ്പൂർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial