അനസ് എടത്തൊടിക എ ടി കെയിലേക്ക് തന്നെ പോകും

Photo: Scroll.in

കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അറിയിച്ച സെന്റർ ബാക്ക് അനസ് എടത്തൊടികയുടെ അടുത്ത ക്ലബ് എ ടി കെ കൊൽക്കത്ത ആയിരിക്കും. അനസ് ക്ലബ് വിടുമെന്ന് ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നു. താരവും കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ധാരണയിൽ എത്താത്തത് കൊണ്ടാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്.

രാജ്യാന്തര ഫുട്ബോളിലേക്ക് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് എത്തിയ അനസ് ഇപ്പോൾ ഇന്ത്യൻ ക്യാമ്പിലാണ്. വൻ വേതനം നൽകിയാണ് എ ടി കെ അനസിനെ കൊൽക്കത്തയിലേക്ക് എത്തിക്കുന്നത്. മുമ്പ് മോഹൻ ബഗാനിൽ കളിച്ചതിനു ശേഷം ഇപ്പോൾ വീണ്ടും കൊൽക്കത്ത ആരാധകർക്ക് മുന്നിൽ കളിക്കാൻ ഒരുങ്ങുകയാണ് അനസ്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ അനസിന് പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാൻ ആയിരുന്നില്ല. കഴിഞ്ഞ ഐ എസ് എല്ലിൽ വെറും എട്ടു മത്സരങ്ങൾ മാത്രമാണ് അനസ് കളിച്ചത്. അതുകൊണ്ട് തന്നെ നിരാശയോടെ ആണ് അനസ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത്. ഇത്തവണ അതി ശക്തമായ ടീമിനെ തന്നെ ഒരുക്കുന്ന കൊൽക്കത്ത ഐ എസ് എൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

അനസ് പോകുന്നതോടെ അനസ് ജിങ്കൻ എന്ന സെന്റർ ബാക്ക് കൂട്ടുകെട്ടൊന് കൂടെ മഞ്ഞ ജേഴ്സിയിൽ അവസാനമാവുകയാണ്. ഡെൽഹി ഡൈനാമോസിന്റെ സെന്റർ ബാക്ക് സുയിവർലൂണെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയപ്പോൾ തന്നെ അനസ് ക്ലബ് വിടുകയാണെന്ന് സൂചനയുണ്ടായിരുന്നു. മലയാളി സെന്റർ ബാക്ക് ഹക്കു അനസിന് പകരക്കാരാനായി ടീമിൽ എത്തുമെന്നാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്.

Previous articleആവേശം,വിവാദം,3 മണിക്കൂർ കാത്തിരിപ്പ് ഒടുവിൽ ആസ്ട്രിയയിൽ ജയം വേർസ്റ്റാപ്പന്റെ തന്നെ
Next articleഎം രാജീവ് കുമാർ തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്