
മഹാരാഷ്ട്ര ഡെര്‍ബി പിന്നില്‍ നിന്ന് വിജയിച്ച് കയറി പൂനെ സിറ്റി. 2-1 എന്ന സ്കോറിനാണ് പൂനെ വിജയം കൈവരിച്ചത്. ഇന്ന് പൂനെയിലെ ശ്രീ ശിവ ഛത്രപതി സ്പോര്‍ട്സ് കോംപ്ലെക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ബല്‍വന്ത് സിംഗിന്റെ ഗോളില്‍ മുംബൈ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ പെനാള്‍ട്ടിയിലൂടെ പൂനെ സമനില കണ്ടെത്തുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷങ്ങളിലാണ് ഇഞ്ച്വറി ടൈം ഗോളിലൂടെ പൂനെ വിജയം പിടിച്ചെടുത്തത്. എമിലിയാനോ അല്‍ഫാരോയാണ് പൂനെയുടെ രണ്ടു ഗോളും നേടിയത്. മത്സരത്തിന്റെ 15ാം മിനുട്ടിലാണ് ബല്‍വന്ത് സിംഗ് ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ വീണ ഗോള്‍ തിരിച്ചടിക്കുവാനുള്ള പൂനെ സിറ്റിയുടെ ശ്രമങ്ങള്‍ മുംബൈ പ്രതിരോധത്തിലും അമരീന്ദര്‍ സിംഗിലും തട്ടി അകന്നപ്പോള്‍ ആദ്യ പകുതി 1-0നു മുംബൈ ലീഡ് ചെയ്തു.
രണ്ടാം പകുതിയില്‍ കീന്‍ ലൂയിസിനെ ഇറക്കി ഗോള്‍ മടക്കുവാന്‍ പൂനെ ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ ടീമിനായില്ല. 72ാം മിനുട്ടില്‍ ഡീഗോ കാര്‍ലോസിനെ ബോക്സിനുള്ള ഫൗള്‍ ചെയ്ത രാജു ഗായക്വാഡ് പൂനെയ്ക്ക് മത്സരത്തിലേക്ക് തിരികെ വരുവാനുള്ള അവസരം നല്‍കുകയായിരുന്നു. പെനാള്‍ട്ടി എടുത്ത എമിലിയാനോ അല്‍ഫാരോ പിഴവ് വരുത്താതെ ലക്ഷ്യം കണ്ടപ്പോള്‍ പൂനെ സമനില ഗോള്‍ കണ്ടെത്തി. വിജയം പിടിച്ചെടുക്കാനായി 77ാം മിനുട്ടില്‍ പൂനെ കഴിഞ്ഞ സീസണിലെ പ്രധാന താരമായ ജോനാഥന് ലൂക്കയെ കളത്തിലിറക്കി.
അവസാന മിനുട്ടുകളില്‍ ലീഡ് പിടിക്കുവാന്‍ പൂനെ തീവ്രശ്രമങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ മത്സരം ആവേശകരമായി. ഇഞ്ച്വറി ടൈമില്‍ ഗോള്‍ നേടി അല്‍ഫാരോ പൂനെയുടെ വിജയം ഉറപ്പാക്കി. മത്സരത്തില്‍ ഇരു ടീമുകളുടെയും ഓരോ താരങ്ങള്‍ മഞ്ഞ കാര്‍ഡ് കണ്ടു. പൂനെ ആറ് കോര്‍ണറുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ട് കോര്‍ണറുകളാണ് മുംബൈയ്ക്ക് നേടാനായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial