യുവമലയാളി താരം അഫ്ദാൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ എസ് എൽ കളിക്കും

- Advertisement -

യുവതാരം അഫ്ദാൽ മുത്തു കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പിട്ടു. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമുമായി കേരള പ്രീമിയർ ലീഗിന് വേണ്ടി മാത്രം കരാർ ഒപ്പിട്ടിരുന്ന താരം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമുമായി ദീർഘകാല കരാർ തന്നെ ഒപ്പിട്ടിരിക്കുകയാണ്. കെ പി എല്ലിൽ നടത്തിയ മികച്ച പ്രകടനമാണ് അഫ്ദാലിന് പുതിയ കരാർ നൽകാൻ ടീം തീരുമാനിക്കാൻ കാരണം. കെ പി എല്ലിൽ ആറു ഗോളുകൾ ഈ യുവതാരം ബ്ലാസ്റ്റേഴ്സിനായി നേടിയിരു‌ന്നു.

കേരത്തിന്റെ സന്തോഷ് ട്രോഫി കിരീടത്തിലും അഫ്ദാലിന് വലിയ പങ്കുണ്ടായിരു‌‌ന്നു. സെമിയിൽ മിസോറാമിനെതിരെ നേടിയ നിർണായക ഗോൾ ഉൾപ്പെടെ ഗംഭീര പ്രകടനമാണ് അഫ്ദാൽ നടത്തിയിരുന്നത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഫ്ദാൽ എം ഇ എസ് മമ്പാട് കോളേജിന്റെ താരമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കുന്നതിലും അഫ്ദാൽ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്.

ആൾ ഇന്ത്യൻ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി അഫ്ദലിനെയാണ് തിരഞ്ഞെടുത്തത്. രണ്ട് ഹാട്രിക്കാണ് അഫ്ദൽ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിനായി നേടിയത്. ഒപ്പം ഇന്റർ യൂണിവേഴ്സിറ്റി ഫൈനലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ വിജയിക്കാൻ കാരണമായ പെനാൾട്ടി നേടികൊടുത്തതും അഫ്ദലായിരുന്നു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഫ്ദൽ, അഫ്സത്തിന്റെയും മുഹമ്മദ് അഷ്റഫിന്റെയും മകനാണ്. 21കാരനായ അഫ്ദൽ സീനിയർ ടീമിനൊപ്പം പ്രീസീസണായി അഹമ്മദാബാദിലാണ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement