ഗോവക്കും നോർത്ത് ഈസ്റ്റിനും ഇന്ന് ജീവന്മരണ പോരാട്ടം

- Advertisement -

സീസണിൽ ഗോവയുടെ മോശം തുടക്കത്തിന് പരിഹാരം കാണാൻ ഇത് വരെ സീക്കോക്ക് ആയിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെതിരെ കടന്നാക്രമിക്കുകയായുന്നു കേരളത്തിനെതിരായ കഴിഞ്ഞ മത്സരത്തിന് ശേഷം സീക്കോ. ഏറെ വിവാദമായ ആ മത്സരത്തിൽ 2-1 നാണ് ഗോവ തോറ്റത്. എന്നാൽ 2 പ്രമുഖ താരങ്ങൾക്ക് അന്ന് ചുവപ്പ് കാർഡ് കണ്ടതാവും സീക്കോയെ ഇന്ന് കൂടുതൽ അലട്ടുക. കളിച്ച 9 മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റ് മാത്രം സ്വന്തമാക്കാനായ ഗോവ ലീഗിൽ ഇപ്പോൾ 8 മതാന്ന്. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞ ഒന്നും സെമി ഫൈനൽ പ്രവേശനത്തിന് സഹായിക്കില്ലെന്ന് അവർക്ക് നന്നായറിയാം.

കഴിഞ്ഞ മത്സരത്തിനിടെ ചെറിയ പരികേറ്റ ഗോൾകീപ്പർ ലക്ഷിമികാന്ദ് കട്ടിമണി ഇന്ന് കളിക്കാനിടയില്ല. അങ്ങനെയെങ്കിൽ സുഭാഷിഷ് റായ് ചൗധരി ടീമിലെത്തും. പ്രതിരോധത്തിൽ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ക്യാപ്റ്റൻ ഗ്രിഗറി അർനോളിൻ്റെ അഭാവത്തിൽ മാർക്വീ താരം ലൂസിയാനോക്കും സംഘത്തിനും പിടിപ്പത് പണിയാവും. മധ്യനിരയിൽ റിച്ചാർൽസൺ ഫെലിസ്ബിനോയേയും സസ്പെൻഷൻ കാരണം നഷ്ടമാവുന്ന ഗോവക്ക് റോമിയോ ഫെർണാണ്ടസിനേയും ജോഫ്രയേയും മധ്യനിരയിൽ കൂടുതൽ ആശ്രയിക്കേണ്ടി വരും. മുന്നേറ്റത്തിൽ പരിക്കേറ്റ ജൂലിയസ് സീസറിൻ്റെ അഭാവത്തിൽ റോബിൻ സിങിനൊപ്പം റാഫേൽ കോഹ്ലോ തുടരും.

മറുവശത്ത് മികച്ച തുടക്കത്തിന് ശേഷം നിറം മങ്ങുകയായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷമെത്തുന്ന അവർ ഇപ്പോൾ ലീഗിൽ 8 കളികളിൽ നിന്ന് 10 പോയിന്റുമായി 6 സ്ഥാനത്താണ്. സെമി ഫൈനൽ പ്രവേശനത്തിന് ഗോവക്കെതിരെ ജയിക്കേണ്ടത് നോർത്ത് ഈസ്റ്റിന് ഒരു തരത്തിൽ നിർബന്ധമാണ്.

പരിക്കിൻ്റെ പിടിയിലായ സുബ്രത പാൽ, ടി.പി രഹനേഷ് എന്നിവരുടെ അഭാവത്തിൽ കഴിഞ്ഞ കളിയിൽ വില്ലനായെങ്കിലും വെല്ലിങ്ടൺ ഗോമസ് തുടർന്നേക്കും. പ്രതിരോധത്തിൻ്റെ പ്രധാന ചുമതല മാർക്വീ താരം ദിദിയർ സൊക്കോറക്കാണ്. മധ്യനിരയിൽ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ താരം ബോർഗസിലും റോമറിക്കിലും ടീമിന് പ്രതീക്ഷയുണ്ട്. 4 മഞ്ഞ കാർഡുകൾ കണ്ട എമിലിയാനോ അൽഫാരയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാവും. മികച്ച ഫോമിലുള്ള അൽഫാരയുടെ അഭാവത്തിൽ കാത്സുമി യോസ, നിക്കോളാസ് വെലസ്, സെന റാൾട്ട എന്നീ താരങ്ങൾക്ക് മുന്നേറ്റത്തിൽ ഉത്തരവാദിത്വം ഏറും.

ഇത് വരെ പരസ്പരം ഏറ്റു മുട്ടിയതിൽ 2 കളിയിൽ ഗോവയും ഒരണ്ണത്തിൽ നോർത്ത് ഈസ്റ്റും ജയിച്ചപ്പോൾ മറ്റ് 2 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. വൈകിട്ട് 7 മണിക്ക് ഗോവയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement