ഹാട്രിക്കോടെ കോറൂമിനാസ്, പിറന്നത് ഏഴ് ഗോള്‍, ജയം ഗോവയ്ക്ക്

- Advertisement -

ബെംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച് ഗോവ. ഇന്ന് നടന്ന ആവേശകരമായ മത്സരിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകളും ചുവപ്പ് കാര്‍ഡുമെല്ലാം പിറക്കുന്നത് കാണുവാന്‍ ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികള്‍ക്കായി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും ബെംഗളൂരൂ പോരാട്ട വീര്യം കാണിച്ചുവെങ്കിലും കോറൂമിനാസിന്റെ ഹാട്രിക്ക് വിജയം ആതിഥേയര്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-3നായിരുന്നു ഗോവയുടെ വിജയം.

16ാം മിനുട്ടില്‍ ഫെറാന്‍ കോറൂമിനാസ് നേടിയ ഗോളിലൂടെ ഗോവയാണ് മത്സരത്തില്‍ ലീഡ് നേടിയത്. എന്നാല്‍ മിനുട്ടുകള്‍ക്കകം മികൂവിലൂടെ ഗോള്‍ മടക്കി ബെംഗളൂരു മത്സരത്തിലേക്ക് തിരികെ എത്തി. 33ാം മിനുട്ടില്‍ കോറൂ നേടിയ രണ്ടാം ഗോളിലൂടെ ഗോവ ലീഡ് നേടി. തുടരെ ആക്രമണങ്ങള്‍ ബെംഗളൂരു ഗോള്‍മുഖത്ത് ഗോവ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. ഇതിനിടെയാണ് മത്സരത്തിലെ നിര്‍ണ്ണായകമായ മുഹൂര്‍ത്തത്തില്‍ മത്സരത്തിന്റെ 36ാം മിനുട്ടില്‍ മാന്വെല്‍ ലാന്‍സറോട്ടെയെ മുഖത്ത് തള്ളിയതിനു ചുവപ്പ് കാര്‍ഡ് നേടി ഗുര്‍പ്രീത് സിംഗ് പുറത്ത് പോകുകയായിരുന്നു. ഫൗളിനു ലഭിച്ച പെനാള്‍ട്ടി അനായാസം ലാന്‍സറോട്ടെ ഗോളാക്കി മാറ്റി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഗോവ 3-1നു ലീഡ് ചെയ്യുകയായിരുന്നു.

പത്ത് പേരായി ചുരുങ്ങിയ ശേഷം ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്ത് ഗോള്‍ ശ്രമം നടത്തുകയെന്നതായിരുന്നു ബെംഗളൂരുവിന്റെ പ്രധാന ലക്ഷ്യം. 53ാം മിനുട്ടില്‍ കോറൂമിനാസ് മൂന്നാം വട്ടവും വല ചലിപ്പിച്ചുവെങ്കിലും റഫറി ഓഫ്‍സൈഡ് വിധിക്കുകയായിരുന്നു. 57ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ ഗോളാക്കി മാറ്റി എറിക് പാര്‍ടാലു ബെംഗളൂരുവിനു വേണ്ടി ഒരു ഗോള്‍ മടക്കി. മിനുട്ടുകള്‍ക്ക് ശേഷം മികു നേടിയ ഗോളിലൂടെ ഗോവയ്ക്കൊപ്പമെത്താന്‍ ബെംഗളൂരുവിനായി. മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം കോറൂ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ഗോവയെ വീണ്ടും മുന്നിലെത്തിച്ചു. പത്ത് മിനുട്ടുകള്‍ക്കുള്ളി‍ല്‍ മൂന്ന് ഗോളുകള്‍ക്കാണ് ഗോവയിലെ കാണികള്‍ക്ക് സാക്ഷ്യം വഹിക്കാനായത്.

അവസാന പത്ത് മിനുട്ടില്‍ ഗോള്‍ മടക്കുവാനുള്ള ബെംഗളൂരു ശ്രമങ്ങളെ ഗോവന്‍ പ്രതിരോധവും കട്ടിമണിയും വിജയകരമായി ചെറുക്കുകയായിരുന്നു. ഹാട്രിക്ക് നേട്ടം കൈവരിച്ച ഫെറാന്‍ കോറൂമിനാസ് ആണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement