മുംബൈയിലും എവേ ഫാൻസിന്റെ നെഞ്ചത്ത്, ഐ എസ് എല്ലിൽ എവേ സ്റ്റാൻഡ് അത്യാവശ്യമോ!?

ഫുട്ബോൾ ഒരു വികാരമായി ഇന്ത്യക്കാർക്കിടയിൽ മാറികൊണ്ടിരിക്കുകയാണ്. യൂറോപ്പിലൊക്കെ കാണുന്ന തരത്തിൽ ആരാധക സംഘങ്ങൾ ഇന്ത്യയിൽ വളർന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട, ബെംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, ചെന്നൈയുടെ സൂപ്പർ മച്ചാൻസ് തുടങ്ങി ഒരുവിധം എല്ലാ ക്ലബുകളും സ്വന്തമായി ഒരു നല്ല ആരാധക സംസ്കാരം വളർത്തിയെടുക്കുന്നതും നല്ലതു തന്നെ. പക്ഷെ ആരാധകർ കൂടുമ്പോൾ ഉയർന്നു വരുന്ന പ്രധാന പ്രശ്നം ഇതിന്റെ വൈകാരികത തന്നെയാണ്.

ഈ വർഷത്തിന്റെ തുടക്കത്തിൽ ഇത്തിരി കൂടെ വീര്യം കൂടിയ ആരാധകർ ഇതുവരെയായി നാലു വിവാദങ്ങളിലാണ് പെട്ടത്. ആദ്യം കേരളത്തേയും കൊൽക്കത്തയേയും തെറിപറഞ്ഞ ചാന്റ്സുമായി എത്തിയ ബെംഗളൂരു ആരാധകർ, അന്നു തന്നെ അവർ മുംബൈ താരത്തെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും ഉണ്ടായി.

രണ്ടു ദിവസം മുന്നെ ചെന്നൈയിലാണ് ഏറ്റവും മോശമായ കാര്യം ഉണ്ടായത്. നോർത്ത് ഈസ്റ്റിന്റെ സ്ത്രീകളടക്കമുള്ള ആരാധകരെ വംശീയമായി ഒരു സംഘം മദ്യപാനികളായ ചെന്നൈയിൻ ആരാധകർ ഗ്യാലറിയിൽ വെച്ച് അപമാനിക്കുക ആയിരുന്നു. ഇതിനെതിരെ നിയമനടപടികൾ വരെ ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട് എന്നത് ആശ്വാസകരം തന്നെ. ഇന്നലെ മുംബൈയിലും ഇത് ആവർത്തിച്ചു. മത്സരം കാണാൻ എത്തിയ എഫ് സി ഗോവ ആരാധകരെ ഗ്യാലറിയിൽ മുംബൈ ആരാധകർ ഗുണ്ടാ സംഘങ്ങളെ പോലെയാണ് നേരിട്ടത്. എഫ് സി ഗോവ അരാധകർക്ക് കളി കാണാൻ അവസാനം ഗ്യാലറിയുടെ ഒഴിഞ്ഞ മൂല തിരയേണ്ടി വന്നു.

സ്വന്തം പ്രാദേശിക ടീമുകളോട് ആരാധകന കൂടി വരുന്നതോടെ ഈ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. വലിയ വൈകാരിക പോരുകൾ തമ്മിൽ ഇല്ലാത്ത ആരാധക സംഘങ്ങൾ തമ്മിലാണ് ഇത്രയൊക്കെ പ്രശ്നങ്ങൾ നടന്നത് എന്നത് ഓർക്കുക. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു ആരാധകരും, ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ ആരാധകരും ഇത്തവണ ഗ്യാലറിയിൽ നേർക്കുനേർ എത്തുമ്പോൾ ഇതിലും മോശമായത് വരെ സംഭവിച്ചേക്കാം. സംഭവിക്കണം എന്നല്ല, പക്ഷെ സാധ്യതകൾ ഉണ്ട്.

ഇതിന് ഒരു പരിഹാരമെ ഉള്ളൂ. ലോക ഫുട്ബോളിൽ സാധാരണയായി കാണുന്ന എവേ സ്റ്റാൻഡ്. എല്ലാ ഗ്രൗണ്ടിലും ഒരു ചെറിയ സ്ഥലം എവേ ആരാധകർക്ക് വേണ്ടി മാത്രമുള്ള സ്റ്റാൻഡ് ആക്കി മാറ്റുക. ഇത് ഫുട്ബോൾ സ്നേഹം കൊണ്ട് മാത്രം കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ എത്തുന്ന ആരാധകർക്ക് വലിയ ആശ്വാസമാകും. ശരിക്കും ഇത്രയും സഞ്ചരിച്ച് എത്തുന്നവർക്ക് അവരുടെ ജീവന് ഭീഷണി ഇല്ലാത്ത തരത്തിൽ കളി കാണാനും ആസ്വദിക്കാനുമുള്ള അർഹതയുണ്ട്. ട്രാവലിംഗ് ഫാൻസ് എന്ന സംസ്കാരം വളർത്തി എടുക്കാനും ഈ എവേ സ്റ്റാൻഡ് സഹായിക്കും.

ഇനിയും ഇതിനായി ഐ എസ് എൽ അധികൃതർ വൈകരുത്. ഒരു നിർഭാഗ്യകരമായ അവസ്ഥ വന്നതിനു ശേഷം അതിനു പരിഹാരം തേടുന്ന പതിവ് ഫുട്ബോൾ ഗ്യാലറിയിലും ആവർത്തിക്കാതിരിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial