
ഇസ്കോയുടെ ഇരട്ട ഗോളുകളിൽ എസ്പാന്യോളിനെ തോൽപിച്ചു റയൽ മാഡ്രിഡ്. തിങ്ങി നിറഞ്ഞ സാന്റിയാഗോ ബെർണാബുവിൽ സ്പാനിഷ് പതാകയുമായെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച റയൽ കിരീട പോരാട്ടത്തിൽ ഇത്തവണയും പിറകിലോട്ടില്ല എന്ന പ്രഖ്യാപനമാണ് നടത്തിയത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ 10 പോയിന്റ് പിറകിലായി മത്സരത്തിന് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മതിയാവാതെ വരുമായിരുന്നു സിദാനും കൂട്ടരും മികച്ച രീതിയിൽ തന്നെ വെല്ലുവിളി പൂർത്തിയാക്കി ല ലീഗെയിൽ നില മെച്ചപ്പെടുത്തി.
അസുഖ ബാധിതനായ കാർവഹാലിന് പകരം 18 വയസുകാരൻ റൈറ്റ് ബാക്ക് അഷ്റഫ് ഹകിമിക്ക് ല ലീഗെയിൽ ആദ്യ മത്സരം സമ്മാനിച്ചാണ് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ ടീമിനെ ഇറക്കിയത്. ആക്രമണ നിരയിൽ റൊണാള്ഡോകൊപ്പം ഇസ്കോയും അസെൻസിയോയും ഇടം പിടിച്ചപ്പോൾ മധ്യ നിര പതിവ് പോലെ മോദ്റിച് കാസെമിറോ ക്രൂസ് സഖ്യമായിരുന്നു. സീസണിൽ അത്രയൊന്നും മികച്ച തുടക്കം ലഭിച്ചിട്ടില്ലാത്ത എസ്പാന്യോൾ നേരത്തെ ബാഴ്സയോട് എതിരില്ലാത്ത 5 ഗോളുകൾക്ക് തോറ്റിരുന്നു.
ആദ്യ പകുതിയിൽ മിക്ക സമയവും പന്ത് റയലിന്റെ കൈവശം തന്നെയായിരുന്നു. ആദ്യ പകുതിയിൽ 71 ശതമാനം പന്ത് റയൽ കൈവശം വച്ചപ്പോൾ എസ്പാന്യോളിന് പ്രതിരോധിച്ചു 1 പോയിന്റ് എങ്കിലും നേടി സാന്റിയാഗോ ബെർണാബുവിൽ നിന്ന് മടങ്ങുക എന്നതാണ് ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. പക്ഷെ 30 ആം മിനുട്ടിൽ റൊണാൾഡോ ബോക്സിലേക്ക് നൽകിയ പാസ്സ് വലയിലാക്കി ഇസ്കോ ആതിഥേയർക്ക് ലീഡ് സമ്മാനിച്ചു. ക്യാമ്പ് ന്യൂ ഇന്ന് കാലിയായിരുന്നെങ്കിൽ സാന്റിയാഗോ ബെർണാബുവിൽ സ്പെയിനിന്റെ പതാകൾ വീശിയാണ് റയൽ ആരാധകർ ഗോൾ ആഘോഷിച്ചത്. ഇസ്കോയുടെ ഗോളിന് നൽകിയ അസിസ്റ്റോടെ കരിയറിൽ 200 അസിസ്റ്റ് എന്ന നേട്ടവും റൊണാൾഡോ പൂർത്തിയാക്കി.
രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ അനാവശ്യ തിടുക്കം കാട്ടാതെ പതുക്കെയാണ് റയൽ മത്സരം തുടങ്ങിയത്. ഇതിനിടയിൽ എസ്പാന്യോളിന് സുവർണാവസരം ലഭിച്ചെങ്കിലും അവർക്ക് മുതലാക്കാനായില്ല. 70 ആം മിനുട്ടിൽ ക്രൂസിനെ പിൻവലിച്ച സിദാൻ ലൂകാസ് വാസ്കേസിനെ കളത്തിൽ ഇറക്കി. ഉടനെ തന്നെ അസെൻസിയോയുടെ പാസിൽ വീണ്ടും ഗോൾ നേടി ഇസ്കോ റയലിന്റെ ലീഡ് രണ്ടാക്കി. പിന്നീട് നന്നായി ലീഡ് പ്രതിരോധിച്ച റയൽ അങ്ങനെ സീസണിലെ 4 ആം ജയം സ്വന്തമാക്കി.
7 മത്സരങ്ങളിൽ നിന്ന് 14 പൊയന്റുള്ള റയൽ നിലവിൽ 5 ആം സ്ഥാനത്താണ്. 21 പോയിന്റുമായി ബാഴ്സ ഒന്നാമത് തുടരുന്നു. 16 പോയിന്റുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial