2018 ലോകകപ്പിന് ഇറാൻ ഉറപ്പ്, ഏഷ്യയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീം

2018 റഷ്യ ലോകകപ്പിനുള്ള ടിക്കറ്റ് ഇറാൻ ഉറപ്പിച്ചു. ഇന്ന് നടന്ന യോഗ്യതാ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയതോടെയാണ് ഇറാൻ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇറാന്റെ വിജയം. ആതിഥേയരായ റഷ്യയേയും ഇറാനെയും കൂടാതെ ബ്രസീൽ മാത്രമെ ലോകകപ്പിന് യോഗ്യത ഇതുവരെ ഉറപ്പിച്ചിട്ടുള്ളൂ.

ഇറാന്റെ തുടർച്ചയായ രണ്ടാം ലോകകപ്പാണിത്. ചരിത്രത്തിലാദ്യമായാണ് ഇറാൻ തുടർച്ചയായ രണ്ടു ലോകകപ്പുകൾക്ക് എത്തുന്നത്. ഇറാന്റെ അഞ്ചാം ലോകകപ്പാകും റഷ്യയിലേത്. ഇതിനു മുമ്പ് പങ്കെടുത്തപ്പോഴൊക്കെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തായിരുന്നു. പരിശീലകൻ കാർളോസ് ക്യൂറോസാണ് ഇറാനെ തുടർച്ചയായ രണ്ടു ലോകകപ്പിലും എത്തിച്ചിരിക്കുന്നത്.

യോഗ്യതാ റൗണ്ടിൽ ഒരു പരാജയം പോലും അറിയാതെയായിരുന്നു ഇറാന്റെ കുതിപ്പ്. അവസാന 19 മാസത്തിൽ ഇറാൻ ഒരു ഗോൾ പോലും വഴങ്ങിയിട്ടുമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial