
സിദാൻ 2020 വരെ ഫ്രാൻസ് ദേശീയ ടീമിനെ പരിശീലിപ്പിക്കില്ലെന്ന് ഫ്രാൻസ് ഫുട്ബോൾ തലവൻ നോയൽ ലേ ഗ്രേയറ്റ്. ഫ്രഞ്ച് ഫുട്ബോൾ മേധാവിയായ ഗ്രേയറ്റ് 2020 യൂറോക്ക് ശേഷവും ഇപ്പോഴത്തെ കോച്ച് ദെഷാംപ്സ് തുടരുമെന്ന സൂചനയും നൽകി.
കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ചത്. അതിനു ശേഷമാണു സിദാൻ ഫ്രാൻസ് ദേശിയ ടീമിന്റെ പരിശീലകനാവുമെന്ന് ഊഹാപോഹങ്ങൾ പുറത്തുവന്നത്. ഈ ഊഹാപോഹങ്ങളോടുള്ള പ്രതികരണമായാണ് ഫ്രഞ്ച് ഫുട്ബോൾ മേധാവി ദെഷാംപ്സ് 2020 വരെ തുടരുമെന്ന് അറിയിച്ചത്. ഇപ്പോഴത്തെ ഫ്രാൻസ് ടീമിന്റെ കോച്ചായ ദെഷാംപ്സിന് ഫ്രഞ്ച് ദേശിയ ടീമുമായി 2020 യൂറോ കപ്പ് വരെ കരാറുണ്ട്.
കഴിഞ്ഞ ദിവസം ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഫ്രാൻസ് ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. റഷ്യ ലോകകപ്പിൽ ഓസ്ട്രേലിയ, പെറു, ഡെൻമാർക്ക് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് ഫ്രാൻസ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial