ഹംഗറി ആരാധകരുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നു ഗാരത് സൗത്ഗേറ്റ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഹംഗറി ആരാധകരുടെ വംശീയ അധിക്ഷേപങ്ങൾ കൊണ്ടു വിവാദമായ ഇംഗ്ലണ്ട്, ഹംഗറി മത്സരത്തിൽ ഹംഗറി ആരാധകരെ വിമർശിച്ചു ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ഗേറ്റ് രംഗത്ത് വന്നു. ബുതാപസ്സിൽ മത്സരം തുടങ്ങും മുമ്പ് ഇംഗ്ലീഷ് താരങ്ങൾക്ക് മേൽ വംശീയ അധിക്ഷേപങ്ങൾ നടത്താൻ തുടങ്ങിയ ഹംഗറിയിലെ കാണികൾ തുടർന്ന് ‘ബ്ലാക്ക് ലൈവ്‌സ് മാറ്ററി’ നു പിന്തുണ അർപ്പിച്ചു ഇംഗ്ലണ്ട് താരങ്ങൾ മുട്ടു കുത്തി ഇരുന്നപ്പോൾ അധിക്ഷേപങ്ങൾ തീവ്രമാക്കി. മത്സരം തുടർന്നപ്പോൾ ഇംഗ്ലീഷ് താരങ്ങൾക്ക് നേരെ മിസൈലുകളും വെള്ള കുപ്പിയും പേപ്പർ കപ്പുകളും അടക്കം എറിഞ്ഞു കൊണ്ടേയിരുന്ന കാണികൾ ഇംഗ്ലീഷ് താരങ്ങൾക്ക് എതിരെ വളരെ മോശമായാണ് മത്സരത്തിൽ ഉടനീളം പെരുമാറിയത്.

മത്സരത്തിന് ഇടയിൽ തങ്ങൾക്ക് ബെഞ്ചിൽ എന്താണ് നടക്കുന്നത് എന്നു പൂർണമായി മനസ്സിലായില്ല എന്നു പറഞ്ഞ സൗത്ഗേറ്റ് ഹംഗറി കാണികളുടെ പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നു വ്യക്തമാക്കി. തങ്ങൾ ഒരു ടീമായി ഒന്നിച്ചു ആണ് ഇതിനെ നേരിടുക എന്നു പറഞ്ഞ സൗത്ഗേറ്റ് യുഫേഫ ഇതിൽ നടപടി എടുക്കും എന്നു പ്രത്യാശിച്ചു. എന്ത് വന്നാലും വംശീയതക്ക് എതിരായ തങ്ങളുടെ നിലപാടിൽ ഒരിക്കലും മാറ്റം ഉണ്ടാവില്ല എന്നും ഇംഗ്ലീഷ് പരിശീലകൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട് 4 ഗോളിന് ജയിച്ച മത്സരത്തിൽ ഹംഗറി കാണികളെ മത്സരത്തിന് ഇടയിൽ ഇംഗ്ലീഷ് താരം ഡക്ലൻ റൈസ് പരിഹസിച്ചതും കാണാൻ ആയി. മുമ്പും വംശീയ അധിക്ഷേപങ്ങൾക്ക് കുപ്രസിദ്ധമായ ആരാധകർ ആണ് ഹംഗറിയിലേത്. നേരത്തെ യുഫേഫ യൂറോ കപ്പിലെ മോശം പെരുമാറ്റത്തിന് 3 കളിയിൽ ആരാധകർക്ക് ഹംഗറിയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഫിഫ ആണ് നടത്തുന്നത് എന്നതിനാൽ ഇന്നലത്തെ മത്സരത്തിൽ ഈ വിലക്ക് ബാധകം അല്ലായിരുന്നു. ഹംഗറി ആരാധകർക്ക് എതിരെ ഫിഫയും യുഫേഫയും തുടർന്നും നടപടി എടുക്കാൻ തന്നെയാണ് സാധ്യത.