വീഡിയോ റിപ്ലെയുടെ സഹായത്തോടെ ജയിച്ചു കയറി സ്‌പെയിൻ

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്‌പെയിൻ ഫ്രാൻസിനെ പരാജയപ്പെടുത്തി. യൂറോപ്പിലെ വമ്പന്മാർ കൊമ്പു കോർത്ത മത്സരത്തിൽ വീഡിയോ റെഫെറിയിങ് പരീക്ഷണാർത്ഥത്തിൽ ഫിഫ ഉപയോഗിച്ചു. പുതിയ ടെക്നോളോജിയുടെ സഹായത്തോടെ ആയിരുന്നു സ്‌പെയിനിന്റെ ഏക പക്ഷീയമായ വിജയം. വീഡിയോ റഫറി ഫ്രാൻസിന് വേണ്ടി അന്റോണിൻ ഗ്രീസ്മാന്റെ ഗോൾ അനുവദിക്കാതിരിക്കുകയും സ്‌പെയിനിന്റെ രണ്ടാം ഗോൾ അനുവദിക്കുകയും ചെയ്തു.

പാരിസിൽ നടന്ന മത്സരത്തിലെ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സ്‌പെയിൻ,ഫ്രാൻസ് അസോസിയേഷനുകളുടെയും ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫെന്റിനോയുടെയും അംഗീകാരത്തോടു കൂടിയാണെന്നു മത്സരം വിലയിരുത്തിയത്. ഫെലിക്സ് സ്വായർ ആയിരുന്നു മാച്ച് റഫറി. തോബിയാസ് സ്റ്റൈലെർ ആയിരുന്നു വീഡിയോ അസിസ്റ്റന്റ് റഫറി. സ്റ്റേഡിയത്തിനു പുറത്ത് വെച്ചാണ് അദ്ദേഹം മത്സരം മോണിറ്റർ ചെയ്തത്. വീഡിയോ അസിസ്റ്റന്റ് റെഫെറീ നാല് കാര്യങ്ങളിലാണ് ഫോക്കസ് ചെയ്യുന്നത് – ഗോളാണോ അല്ലയോ എന്ന തീരുമാനം,പെനാൽറ്റി തീരുമാനങ്ങൾ, ഡയറക്ട് റെഡ് കാർഡ്, പിഴവ് വരുത്തിയ കളിക്കാരനെ തിരിച്ചറിയൽ.

ടെക്‌നിക്കൽ സപ്പോർട്ട് ഇല്ലെങ്കിൽ 1-1 ന് സമനിലയിൽ ആകേണ്ട മത്സരമാണ് VAR ന്റെ സഹായത്തോടു കൂടി സ്‌പെയിൻ വിജയിച്ചത്. രണ്ടു തവണയാണ് സ്റ്റൈലെർ മാച്ച് റഫറിയായ ഫെലിക്സ് സ്വയരുടെ തീരുമാനങ്ങളെ തിരുത്തിയത്. ഗോൾ രഹിതമായിരുന്നു ആദ്യപകുതി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അന്റോണിൻ ഗ്രീസ്മാൻ ലിവിങ് കുർസാവയുടെ അസിസ്റ്റിൽ ഗോൾ അടിച്ചു. എന്നാൽ വിഡിയോ റഫറിയോട് കൺസൾട് ചെയ്ത മാച്ച് റഫറി ഗോൾ അനുവദിച്ചില്ല. റിപ്ലെയിൽ കുർസോവ ഓഫ് സൈഡ് ആയിരുന്നു. ജെറാൾഡ് ഡേലെഫോ 77 ആം മിനുട്ടിൽ സ്പെയിനിനു വേണ്ടി ഗോളടിച്ചെങ്കിലും മാച്ച് റഫറി ഫെലിക്സ് സ്വായർ ഗോൾ അനുവദിച്ചില്ല. ലൈൻസ്മാന്റെ ഫ്ലാഗുയർന്നതു കൊണ്ടായിരുന്നു അത്. എന്നാൽ വീഡിയോ റീപ്ലെക്ക് ശേഷം ജോർദി ആൽബയുടെ ക്രോസിൽ ജെറാൾഡ് ഡേലെഫോയുടെ ഗോൾ റഫറി അനുവദിച്ചു.

പരാജയമറിഞ്ഞെങ്കിലും വീഡിയോ റീപ്ലെയേയും നെയും ഫ്രാൻസ് കോച്ച് ദിദിയർ ദിഷാമ്പ് പ്രകീർത്തിച്ചു. ഫുട്ബോളിലെ വിപ്ലവകരമായ ഒരു മാറ്റമായാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇനിയും കൂടുതൽ മത്സരങ്ങളിൽ VAR ന്റെ സേവനം ഫിഫ ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.

Previous articleന്യൂസിലാണ്ടിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കോരിചൊരിഞ്ഞ് മഴ
Next articleദിയോദര്‍ ട്രോഫി തമിഴ്നാടിനു, ഇന്ത്യ ബിയ്ക്കെതിരെ 42 റണ്‍സ് വിജയം