2026 വേൾഡ് കപ്പിനായി കൈകോർത്ത് നോർത്ത് അമേരിക്ക

2026 വേൾഡ് കപ്പ് വേദി യഥാർഥ്യമാക്കുവാനായി അമേരിക്ക കാനഡ മെക്സിക്കോ എന്നീ രാജ്യങ്ങൾ കൈകോർക്കുന്നു. Confederation of North and Central America and Caribbean Association Football (CONCACAF) എന്ന നോർത്ത് അമേരിക്കയുടെയും സെൻട്രൽ അമേരിക്കയുടെയും ഔദ്യൊഗിക ഫുട്ബാൾ വക്താക്കളുടെ നേതൃത്വത്തിലാണ് വേൾഡ് കപ്പ് വേദി തരപ്പെടുത്തുവാനായി ശ്രമിക്കുന്നത്. നോർത്ത് അമേരിക്കൻ മണ്ണിൽ അവസാനമായി വേൾഡ് കപ്പ് മാമാങ്കം നടന്നത് 1994  ആണ്. മെക്സിക്കോ 1970ലെയും 1986ലെയും വേൾഡ് കപ്പിന് വേദിയായിട്ടുണ്ട്. കാനഡ ഇതുവരെ പുരുഷൻമാരുടെ ഫുട്ബാൾ വേൾഡ് കപ്പിന് വേദിയായിട്ടില്ല. 2026ലെ വേദി പ്രഖ്യാപിക്കുക 2020തിലാണ്.

2022  ലെ വേൾഡ് കപ്പ് വേദിക്കായി അമേരിക്കൻ സോക്കർ ഫെഡറേഷൻ പ്രസിഡന്റ സുനിൽ ഗുലാട്ടിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നിരുന്നെകിലും വിവാദപരമായ തീരുമാനത്തിൽ ഖത്തറിലേക്ക് വേദി കൊടുത്തു. ഫിഫയുടെ ഈ വിവാദതീരുമാനവും അഴിമതി ആരോപണങ്ങളും ഫുട്ബോൾ ലോകത്തെ പ്രകമ്പനം കൊള്ളിച്ചിരുന്നു. അന്ന് സാധിക്കാതെ ഇരുന്നത് ഒരു ജോയന്റ് എഫോർട്ടിലൂടെ നേടാനാകുമെന്ന്‌ CONCACAF കണക്കുകൂട്ടുന്നു. 48  രാജ്യങ്ങളെ   ഉൾക്കൊള്ളിച്ചുള്ള ആദ്യ വേൾഡ് കപ്പ് ആകും 2026  ലേത്. 1998  മുതലുള്ള 32  രാജ്യങ്ങൾ എന്ന ഫോർമാറ്റിൽ നിന്നുമുള്ള വലിയൊരു മാറ്റമാണിത്. ഇത്ര വലിയൊരു ഫോർമാറ്റിലുള്ള  നോർത്ത് അമേരിക്കയുടെ കൂട്ടായ്മയ്ക്ക് ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടൽ. അതോടൊപ്പം തന്നെ മുൻപ് വേദി ലഭിച്ചിരുന്നു എന്ന കാരണത്താൽ  യുവേഫയ്ക്കും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും വേദിക്കായി ശ്രമിക്കാൻ സാധിക്കില്ല.

1994ൽ വേൾഡ് കപ്പിന് വേദിയായതാണ് അമേരിക്കയുടെ ഫുട്ബോൾ ലോകത്തെ ആകെ മാറ്റിമറിച്ചത്. ലോകകപ്പിന് ശേഷമാണ് മേജർ ലീഗ് സോക്കർ എന്ന ആശയം ഉരുത്തിരിഞ്ഞതും രണ്ടു വർഷത്തിന് ശേഷം പ്രവർത്തികമായതും. ൧൦ ടീമുകളുമായി ആരംഭിച്ച മേജർ ലീഗ് സോക്കർ ഇപ്പോൾ അമേരിക്കൻ ഫുട്ബോൾ മാപ്പിൽ ഇടം നേടിക്കഴിഞ്ഞു. നിലവിൽ 22  ടീമുകളുമായി അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ച  മേജർ ലീഗ് സോക്കറിലേക്ക് അന്താരാഷ്ട്ര താരങ്ങളുടെ ഒഴുക്കുണ്ട്. ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗരുടെ ചിക്കാഗോ ഫയറിലേക്കുള്ള മാറ്റം അതിലൊന്ന് മാത്രം. ൨൦൨൬ ലെ വേൾഡ് കപ്പ് വേദിയോടുകൂടി നോർത്ത് അമേരിക്കൻ ഫുട്ബാളിന്റെ മുഖച്ഛായമാറ്റുവാനും കൂടുതൽ ജനപ്രിയമാക്കുവാനുമാണ് കോൺകാകാഫിന്റെ ശ്രമം. ഇതിനു മുൻപ് ഒന്നിലധികം രാജ്യങ്ങൾ ലോക കപ്പ് ഫുട്ബോളിന് ആതിഥ്യമരുളിയത് 2002ൽ ആണ്. ജർമ്മനിയെ തോൽപ്പിച്ചു ബ്രസീൽ 18 കാരറ്റ് സ്വർണത്തിൽ മുത്തമിട്ടപ്പോൾ അതിനു വേദിയൊരുക്കിയത്  ജപ്പാനും സൗത്ത് കൊറിയയും സംയുകതമായാണ്.