
ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തകർപ്പൻ വിജയത്തോടെ തുടക്കം. ചൈനീസ് തായ്പെയ്ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് മുംബൈ ഫുട്ബാൾ അരീനയിൽ ഇന്ത്യൻ ടീം വിജയിച്ചു കയറിയത്. മത്സരത്തിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ തായ്പെയ്ക്കായില്ല. തുടക്കം മുതൽ മനോഹര ആക്രമണ ഫുട്ബാൾ കളിച്ച ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക് നേടി.
പതിനാലാം മിനിറ്റിൽ ഛേത്രിയിലൂടെയാണ് ഇന്ത്യ സ്കോറിങ് തുടങ്ങിയത്. തുടർന്ന് 34ആം മിനിറ്റിൽ ഛേത്രി രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ജെജെയും തപ്പെയും കൂടെ നടത്തിയ മനോഹരമായ മുന്നേറ്റം സുനിൽ ഛേത്രിയിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-0 എന്നായിരുന്നു സ്കോർ നില.
48ആം മിനിറ്റിൽ ഉദാന്തയിലൂടെയാണ് ഇന്ത്യ മൂന്നാം ഗോൾ കണ്ടെത്തിയത്. ഇതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. താമസിയാതെ 61ആം മിനിറ്റിൽ സുനിൽ ഛേത്രി തന്റെ ഹാട്രിക് കണ്ടെത്തിയതോടെ ഇന്ത്യയുടെ നാലാം ഗോളും പിറന്നു. 8 വർഷത്തിനിടെ സുനിൽ ഛേത്രിയുടെ ആദ്യത്തെ ഇന്റർനാഷണൽ ഹാട്രിക് ആണിത്.
78ആം മിനിറ്റിൽ ഹാൾഡർ ആണ് അവസാന ഗോൾ നേടിയത്. ബോക്സിന്റെ മൂലയിൽ വെച്ച് പന്ത് ലഭിച്ച ഹാൾഡർ മനോഹരമായ ഒരു കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. ബോക്സിന്റെ മൂലയിലേക്ക് വളഞ്ഞു കയറിയ പന്ത് നോക്കി നിൽക്കാൻ മാത്രമേ തായ്പേയ് ഗോൾ കീപ്പർക്ക് സാധിച്ചുള്ളൂ.
എക്സ്ട്രാ ടൈമിൽ ഒരു ഗോൾ തിരിച്ചടിക്കാൻ തായ്പേയ് ശ്രമിച്ചു എങ്കിലും ഗോൾ കീപ്പർ ഗുർപ്രീത് അതിവിദഗ്ധമായി തടഞ്ഞു നിർത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial