ഓറഞ്ച് കുപ്പായത്തിൽ ഇനി സ്നൈഡറില്ല

- Advertisement -

ഹോളണ്ട് താരം വെസ്ലി സ്നൈഡർ തന്റെ രാജ്യാന്തര കരിയറിന് അവസാനം കുറിച്ചു. 15 വർഷം നീണ്ട ഹോളണ്ട് കരിയറിനാണ് സ്നൈഡർ അവസാനം കുറിച്ചത്. ഡച്ച് ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സ്നൈഡർ 2003 ലാണ് ആദ്യമായി ഓറഞ്ച് കുപ്പായം അണിയുന്നത്. ക്ലബ്ബ് തലത്തിൽ ഇപ്പോൾ ഖത്തറിലെ അൽ ഗറാഫ ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരം റയൽ മാഡ്രിഡ്, ഇന്റർ മിലാൻ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

1984 ഇൽ ജനിച്ച സ്നൈഡർ അയാക്സ് അക്കാദമി വഴിയാണ് ഫുട്‌ബോളിലേക്ക് എത്തുന്നത്. 2007 ഇൽ റയലിലേക്ക് മാറിയ താരം ക്ലബിനൊപ്പം ല ലിഗ കിരീടം നേടി. പിന്നീട് 2009 ഇൽ ഇന്ററിലേക്ക് മാറിയ താരം അവർക്കൊപ്പം സീരി എ, ചാംപ്യൻസ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, കോപ്പ ഇറ്റാലിയ എന്നീ കിരീടങ്ങളും നേടി.

2010 ലോകകപ്പ് ഫൈനലിൽ വരെ എത്തിയ ഡച്ച് ടീമിന്റെ നിർണായക ഘടകമായിരുന്നു സ്നൈഡർ. 2014 ലോകകപ്പ് സെമിയിൽ എത്തിയ ടീമിലും അംഗമായിരുന്നു സ്നൈഡർ. റോബിൻ വാൻ പേഴ്സി, റോബൻ എന്നിവർക്കൊപ്പം ഡച് ഫുട്‌ബോളിന്റെ പ്രതാപ കാലത്ത് കളിച്ച താരം വിട വാങ്ങുമ്പോൾ അവർക്കത് തീരാ നഷ്ടമാകും. ലോകകപ്പ്, യൂറോ കപ്പ് യോഗ്യത നേടാനാവാതെ ഹോളണ്ട് യുവ നിര വിഷമിക്കുമ്പോൾ സ്നൈഡറുടെ അനുഭവ സമ്പത്ത് പുതിയ ദേശീയ ടീം പരിശീലകൻ കുമാനും നഷ്ടമാകും.

ഹോളണ്ടിനായി 133 മത്സരങ്ങൾ കളിച്ച ടീമിനായി 31 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement