ഷർലേയുടെ ഇരട്ട ഗോളിൽ ജെർമ്മനിക്ക് തകർപ്പൻ ജയം

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യതാ മൽസരത്തിൽ 4-1 ജർമ്മനി അസർബൈജാനെ പരാജയപ്പെടുത്തി. ആന്ദ്രെ ഷർലേയുടെ ഇരട്ടഗോളുകൾ ജർമ്മൻ വിജയത്തിന് മാറ്റുകൂട്ടി. യോഗ്യതാ മൽസരങ്ങളിൽ ആദ്യമായി ഗോൾ വഴങ്ങിയെങ്കിലും ശക്തമായാണ് ജർമ്മനി തിരിച്ചടിച്ചത്. ഷർലേയ്ക്കൊപ്പം മുള്ളറും ഗോമസും ജർമ്മനിക്ക് വേണ്ടി ഗോളുകൾ നേടി.

ഇത് അഞ്ചാം തവണയാണ് അസർബൈജാനും ജെർമ്മനിയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടുമായി ഡോർട്ട്മുണ്ടിൽ ഏറ്റ്മുട്ടിയ ടീമിൽ നിരവധിമാറ്റങ്ങളുമായാണ് ജൊവാക്കിം ലോയുടെ ജെർമ്മൻ ടീം ഇറങ്ങിയത്. പരിക്കേറ്റ ജൂലിയൻ വീഗിളിന് പകരം സാമി ഖെദീരയിറങ്ങി. ഷർലേയും ഗോമസും പരിക്കേറ്റ വെർണർക്കും വിരമിച്ച ഇതിഹാസ താരം പെഡോൾസ്കിക്കും പകരമിറങ്ങി.

19ആം മിനുട്ടിൽ ആന്ദ്രെ ഷർലേയിലൂടെ ജെർമ്മനി ആദ്യ ഗോളടിച്ചു. ബാകുവിലെ ടൗഫീക്ക് ബഹ്രാമോവ് സ്റ്റേഡിയം നിശബ്ദമായ നിമിഷം. ഡ്രാക്സലറുടെ കിടിലൻ ക്രോസ് ഷർലേ‌ അസർബൈജാന്റെ വലയിലടിച്ചു കേറ്റി. മുള്ളറുടെ പിഴവ് മുതലെടുത്ത അസർബൈജാൻ നാസറൊവിലൂടെ സമനില പിടിച്ചു. മുള്ളറിൽ നിന്നും ബോൾ കൈക്കലാക്കിയ അഫ്രാൻ ഇയ്മായിലോവ് ദ്മിത്രി നസരോവിന് പാസ് നൽകി. അവസരം മുതലെടുത്ത നസരോവ് കിടിലൻ ഷോട്ടിലൂടെ ജെർമ്മൻ ഗോൾവല ചലിപ്പിച്ചു. അധികസമയം ജെർമ്മനിയെ തളച്ചിടാൻ അസർബൈജാനായില്ല. ഇത്തവണയും ഗോളിന് കാരണക്കാരനായത് ഇസ്മായിലോവ് തന്നെ. മുള്ളറിന് പറ്റിയ അബദ്ധം ഇത്തവണ ഇസ്മായിലോവിന് പറ്റി. ഇസ്മായിലോവിന്റെ അശ്രദ്ധ മുതലാക്കിയ ഷർലേ മുള്ളറിന് പന്ത് കൊടുത്തു. 36ആം മിനുട്ടിൽ മുള്ളറിലൂടെ ജെർമ്മനി ലീഡുയർത്തി. പത്ത് മിനുട്ടിനു ശേഷം മരിയോ ഗോമസ് സ്കോർ 3-1 ആയുയർത്തി. രണ്ടാം പകുതിയിൽ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ജെർമ്മൻ പ്രതിരോധം അസർബൈജാനെ അനുവദിച്ചില്ല. കിമ്മിചിനെ മറികടന്ന നസറോവിനെ ലെനോ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ജെർമ്മനിയുടെ നിയന്ത്രണത്തിലായിരുന്നു മൽസരം. അസർബൈജാന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുക മാത്രമല്ല അക്രമിച്ചു കളിക്കാനും ജെർമ്മനി ശ്രദ്ധിച്ചു. 80ആം മിനുട്ടിൽ ഷർലേ തന്റെ രണ്ടാം ഗോൾ നേടി.

ഈ വിജയത്തോടു കൂടി ഏഴ് പോയന്റ് ലീഡ് നേടിയ ജെർമ്മനി ഗ്രൂപ്പ് സിയിൽ ഒന്നാമതാണ്. ജൂൺ 10ന് സാൻ മറീനോയുമായി ന്യൂറംബർഗിലാണ് ജെർമ്മനിയുടെ അടുത്ത മൽസരം.

Previous articleനേരിയ ലീഡ് ന്യൂസിലാണ്ടിനു, കെയിന്‍ വില്യംസണിനു 17ാം ശതകം
Next articleഗോകുലത്തിന് വിജയ തുടക്കം, ഇനി മലപ്പുറം ഡർബി