
വെയ്ൽസ് ദേശീയ ടീമിന്റെ കോച്ചായി ചുമതലയേൽക്കാൻ താല്പര്യം പ്രകടിപ്പിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ് ലെജൻഡ് റയാൻ ഗിഗ്സ് രംഗത്ത്. ക്രിസ് കോൾമാൻ രാജിവെച്ച ഒഴിവിലേക്കാണ് മുൻ വെയ്ൽസ് നായകൻ കൂടിയായിരുന്ന ഗിഗ്സ് താല്പര്യം അറിയിച്ചിരിക്കുന്നത്. 2016ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം ഇതുവരെ മറ്റൊരു ക്ലബിന്റേയോ രാജ്യത്തിന്റേയോ ചുമതല ഗിഗ്സ് ഏറ്റെടുത്തിരുന്നില്ല.
2014ൽ ഡേവിഡ് മോയസിനെ പുറത്താക്കിയതിനെ തുടർന്ന് റയാൻ ഗിഗ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക മാനേജർ പദവി ഏറ്റെടുത്തിരുന്നു. തുടർന്ന് രണ്ടു വര്ഷം ലൂയിസ് വാൻ ഹാലിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത ഗിഗ്സ് ഹോസെ മൗറീൻഹോ വന്നതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ജോലി രാജി വെച്ചിരുന്നു.
64 തവണ വെയ്ൽസ് ടീമിന്റെ കുപ്പായം അണിഞ്ഞ ഗിഗ്സ് ആദ്യമായാണ് വെയ്ൽസ് ടീമിന്റെ പരിശീലകൻ ആവണമെന്ന് പറഞ്ഞു രംഗത്ത് വരുന്നത്. 2016ൽ ക്രിസ് കോൾമാൻ വെയ്ൽസിനെ യൂറോ സെമിയിൽ എത്തിച്ചിരുന്നു എങ്കിലും ലോകക്കപ്പ് യോഗ്യത നേടാനാവാതെ വന്നതോടെയാണ് രാജിവെച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial