ബൈസൈക്കിൾ കിക്ക്, ഹാട്രിക്ക്, റെക്കോർഡ്, റൊണാൾഡോയും പോർച്ചുഗലും കുതിക്കുന്നു

ലാലിഗയിൽ വിലക്കു കാരണം മത്സരം നഷ്ടമായതിന്റെ ഗോൾ കണക്കൊക്കെ പോർച്ചുഗലിന്റെ ജേഴ്സിയിൽ തീർക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫറോ അയലന്റിനെതിരെ ഹാട്രിക്കും ലോക റെക്കോർഡും ഇട്ടാണ് റൊണാൾഡോ നിർത്തിയത്. മത്സരത്തിൽ 5-1 എന്ന സ്കോറിന് പോർച്ചുഗൽ വിജയിച്ചു.

മൂന്നാം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ ബൈസൈക്കിൾ കിക്കിലൂടെ ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. പിന്നീട് 29ആം മിനുട്ടിൽ പെനാൾട്ടിയിലൂടെയും 65ആം മിനുട്ടിൽ വില്യം കാർവാലോയുടെ പാസിൽ നിന്നുള്ള ഫിനിഷിലൂടെയും റൊണാൾഡോ തന്റെ ഹാട്രിക്ക് തികച്ചു. റൊണാൾഡോയുടെ പോർച്ചുഗലിനു വേണ്ടിയുള്ള അഞ്ചാം ഹാട്രിക്കാണ് ഇന്ന് നേടിയത്.

ഇന്നത്തെ ഗോളുകളോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 14 ഗോളുകൾ ആയി റൊണാൾഡോക്ക്. ഒരൊറ്റ ലോകകപ്പിനു വേണ്ടിയുള്ള യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ ആദ്യമായാണ് ഒരു താരം 14 ഗോളുകൾ നേടുന്നത്.

വില്യം കാർവാലോയും ഒലിവേരയുമാണ് പോർച്ചുഗലിന്റെ ബാക്കി ഗോളുകൾ നേടിയത്. ജയിച്ചെങ്കിലും പോർച്ചുഗൽ തങ്ങളുടെ ഗ്രൂപ്പിൽ സ്വിറ്റ്സർലാന്റിനു പിറകിൽ രണ്ടാമതു തന്നെ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൗണ്ടി മത്സരം തടസ്സപ്പെടുത്തി അമ്പ്
Next articleഓറഞ്ച് പടയുടെ ലോകകപ്പ് സ്വപനങ്ങൾ തച്ചുടച്ച് ഫ്രഞ്ച് പട