മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരേണ്ടെന്ന് പറഞ്ഞ് മറഡോണ

മെസ്സി അർജന്റീനയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടെന്ന് പറഞ്ഞു അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ. ലോകകപ്പിലെ തോൽവിക്ക് ശേഷം മെസ്സി അർജന്റീന ടീമിന് വേണ്ടി കളിച്ചിരുന്നില്ല. ഈ മാസം  നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലും മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല.

“മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മെസ്സി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കണം,  അർജന്റീനയുടെ അണ്ടർ 15 തോൽക്കുന്നത് മെസ്സിയുടെ കുറ്റം കൊണ്ട്, അർജന്റീന ലീഗിലെ മത്സരങ്ങൾ മത്സര ക്രമങ്ങൾക്കും കുറ്റം മെസ്സിക്ക്.” മറഡോണ പറഞ്ഞു.

എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും അത് കൊണ്ട് തന്നെ മെസ്സിയില്ലാതെ അർജന്റീന കളിക്കാൻ ഇറങ്ങട്ടെയെന്നും മറഡോണ പറഞ്ഞു. ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്ബോൾ ഇതിഹാസം പറഞ്ഞു. അർജന്റീനയുടെ പുതിയ പരിശീലകനായ സ്കെലോണിക്ക് അതിനുള്ള അർഹത ഇല്ലെന്നും മറഡോണ പറഞ്ഞു.

ബ്രസീലിനെതിരെ പ്രമുഖരില്ലാതെ അർജന്റീന

ബ്രസീലിനെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു. നേരത്തെ ദേശീയ ടീമിലേക്ക് ഇപ്പോൾ തിരിച്ചുവരില്ലെന്ന് പറഞ്ഞ മെസ്സിയില്ലാതെയാണ് പരിശീലകൻ ലിയോണൽ സ്കെലോണി ടീമിനെ പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് അഗ്വേറോയും ഗോൺസാലോ ഹിഗ്വയിനും ടീമിൽ ഇടം നേടിയിട്ടില്ല. വാട്ഫോർഡ് താരം റോബർട്ടോ പെരേര ടീമിൽ ഇടം നേടിയപ്പോൾ ടോട്ടൻഹാം താരം എറിക് ലാമേലക്ക് ടീമിൽ ഇടം കണ്ടെത്താനായില്ല.

യുവ താരങ്ങളായ ലൗറ്ററോ മാർട്ടീനസും ജിയോവാണി സിമിയോണിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. അർജന്റീന ദേശീയ ലീഗിൽ കളിക്കുന്ന 8 താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്ക് മൂലം ലോകകപ്പ് നഷ്ട്ടമായ സെർജിയോ റോമെറോ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഓട്ടമെന്റി, ക്രിസ്ത്യൻ പാവോൺ, ഇക്കരടി, ദിബാല എന്നി പ്രമുഖരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബ്രസീലിനെ കൂടാതെ ഇറാഖുമായാണ് അർജന്റീനയുടെ മത്സരം. ഒക്ടോബർ 11ന് ഇറാഖിനെതിരെയും ഒക്ടോബർ 16ന് ബ്രസീലിനു എതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ.

കളിക്കാരുടെ ലോൺ സമ്പ്രദായം നിയന്ത്രിക്കാൻ ഫിഫ തയ്യാറെടുക്കുന്നു

ഫുട്ബോളിൽ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. കളിക്കാരെ ലോണിൽ കൊടുക്കുന്ന സമ്പ്രദായത്തിൽ ഫിഫ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. ഓരോ ക്ലബ്ബിനും ലോണിൽ അയക്കാവുന്ന കളിക്കാരുടെ എന്നതിൽ നിയന്ത്രണം അടക്കം ഉള്ള പരിഷ്കാരങ്ങളാണ് ഫിഫയുടെ ലക്ഷ്യം.

ഓരോ ക്ലബ്ബിനും ലോണിൽ അയക്കാവുന്ന കളിക്കാരുടെ എണ്ണം 6 ആക്കി നിയന്ത്രിക്കാനാണ് ഫിഫയുടെ ശ്രമം. പക്ഷെ ക്ലബ്ബ്കളുമായും ലീഗ് അധികൃതരുമായും ഫിഫ എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. കൂടാതെ ഫുട്ബോളിൽ കളിക്കാരുടെ ഏജന്റ്മാർക്കുള്ള കർക്കശ നിയന്ത്രണങ്ങളും ഫിഫ ലക്ഷ്യം വെക്കുന്നുണ്ട്.

ഫിഫയുടെ ലോൺ നിയന്ത്രണം നിലവിൽ വന്നാൽ അത് ചെൽസിയുടെ ലോൺ സിസ്റ്റത്തിന്റെ അവസാനമാകും. 40 കളിക്കാരെയാണ് ചെൽസി ഈ സീസണിൽ ലോണിൽ അയച്ചിരിക്കുന്നത്.

ഫിഫയുടെ ലോക ഇലവനെത്തി, റൊണാൾഡോയും മെസ്സിയും ടീമിൽ

പോയ സീസണിലെ ഫിഫയുടെ പ്രോ ഇലവനെ പ്രഖ്യാപിച്ചു.

ഗോൾ കീപ്പർ- ഡേവിഡ് ഡി ഹെയ(സ്പെയിൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് )
ഡിഫണ്ടർമാർ- റാഫേൽ വരാൻ( ഫ്രാൻസ്, റയൽ മാഡ്രിഡ്), സെർജിയോ റാമോസ്( സ്പെയിൻ, റയൽ മാഡ്രിഡ്), മാർസെലോ ( ബ്രസീൽ,റയൽ മാഡ്രിഡ്), ഡാനി ആൽവെസ് ( പി എസ് ജി, ബ്രസീൽ).

മിഡ്ഫീൽഡർമാർ- ലൂക്ക മോഡ്രിച് ( ക്രോയേഷ്യ, റയൽ മാഡ്രിഡ്) , ഈഡൻ ഹസാർഡ് ( ബെൽജിയം, ചെൽസി), എൻഗോളോ കാന്റെ( ഫ്രാൻസ്, ചെൽസി)

ആക്രമണ നിര- ലയണൽ മെസ്സി ( അർജന്റീന, ബാഴ്സലോണ), കിലിയൻ എംബപ്പേ ( ഫ്രാൻസ്, പി എസ് ജി), ക്രിസ്റ്റിയാനോ റൊണാൾഡോ( പോർച്ചുഗൽ, യുവന്റസ്) .

ഉറുഗ്വ പരിശീലകന് പുതിയ കരാർ

ഉറുഗ്വ പരിശീലകൻ ഓസ്കാർ ടാബരസിന് പുതിയ കരാർ. നാല് വർഷത്തെ പുതിയ കരാറാണ് ടാബരസിനു ഉറുഗ്വ ഫുട്ബോൾ അസോസിയേഷൻ നൽകിയത്. ഇത് പ്രകാരം 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് വരെ ടാബരസ് ഉറുഗ്വയുടെ പരിശീലകനായി തുടരും.

2006 മുതൽ ഉറുഗ്വ ടീമിന്റെ പരിശീലകനാണ് ഓസ്കാർ ടാബരസ്.  കഴിഞ്ഞ 3 ലോകകകപ്പുകളിൽ ഉറുഗ്വയെ പരിശീലിപ്പിച്ചത് ഓസ്കാർ ടാബരസായിരുന്നു. ഈ കഴിഞ്ഞ റഷ്യ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റാണ് ഓസ്കാർ ടാബരസിന്റെ ഉറുഗ്വ പുറത്തായത്. 2010 ലോകകപ്പിൽ ഉറുഗ്വയെ നാലാം സ്ഥാനം എത്തിച്ചതാണ് ടാബരസിന്റെ ലോകകപ്പിലെ മികച്ച പ്രകടനം.

ഒക്ടോബർ 12ന് സൗത്ത് കൊറിയക്കെതിരെയും ഒക്ടോബർ 16ന് ജപ്പാനെതിരെയുമാണ് ഉറുഗ്വയുടെ അടുത്ത മത്സരങ്ങൾ.

 

അർജന്റീനക്കെതിരെയുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ

അടുത്ത മാസം നടക്കുന്ന അർജന്റീനകെതിരെയും സൗദി അറേബ്യക്കെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ. കഴിഞ്ഞ തവണ ടീമിൽ ഉണ്ടായിരുന്ന തിയാഗോ സിൽവ, ഫെലിപെ, ഫിലിപ്പെ ലൂയിസ്, ആന്ദ്രെസ് പെരേര, വില്യൻ, ഡഗ്ലസ് കോസ്റ്റ എന്നിവർക്ക് ടീമിൽ സ്ഥാനമില്ല. മികച്ച ഫോമിലുള്ള എവർട്ടൺ ഫോർവേഡ് റീചാർലിസണും ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

നെയ്മർ, കൂട്ടീഞ്ഞോ, ഫിർമിനോ, അലിസൺ, ഫ്രെഡ് തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതെ സമയം കഴിഞ്ഞ തവണ ടീമിൽ നിന്ന് പുറത്തുപോയ മാഴ്‌സെലോയും ഗബ്രിയേൽ ജീസുസും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മിറാൻഡ, ഗോൾ കീപ്പർ എഡേഴ്സൻ എന്നിവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ബാഴ്‌സലോണ ഫോർവേഡ് മാൽകമും ആദ്യമായി ബ്രസീൽ ടീമിൽ ഇടം നേടിയിട്ടുണ്ട്

ഒക്ടോബർ 12ന് സൗദി അറേബ്യക്കെതിരെയും ഒക്ടോബർ 16ന് അർജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങൾ.

നെയ്മറും റീചാർളിസണും തിളങ്ങി, ബ്രസീലിനു മികച്ച ജയം

സൗഹൃദ മത്സരത്തിൽ നെയ്മറും റീചാർളിസണും കളം നിറഞ്ഞു കളിച്ചപ്പോൾ ബ്രസീലിനു മികച്ച ജയം. എൽ സാൽവഡോറിനെയാണ് ബ്രസീൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിൽ റീചാർളിസൺ ഇരട്ട ഗോൾ നേടുകയും സൂപ്പർ താരം നെയ്മർ ഒരു ഗോളും രണ്ടു അസിസ്റ്റുകളും തന്റെ പേരിൽ സ്വന്തമാക്കി. ഗോൾ പോസ്റ്റിൽ നെറ്റോക്ക് അവസരം നൽകിയാണ് ബ്രസീൽ മത്സരം തുടങ്ങിയത്. നെറ്റോയുടെ ബ്രസീലിനു വേണ്ടിയുള്ള ആദ്യ മത്സരം കൂടിയായിരുന്നു. ബ്രസീലിന്റെ കഴിഞ്ഞ 24 മത്സരത്തിലും ടീമിൽ ഇടം നേടിയെങ്കിലും കളിയ്ക്കാൻ നെറ്റോക്ക് അവസരം ലഭിച്ചിരുന്നില്ല.

പെനാൽറ്റിയിലൂടെ നെയ്മറാണ് ബ്രസീലിന്റെ ഗോളടി തുടങ്ങിയത്. തുടർന്ന് ബ്രസീൽ ജേഴ്‌സിയിൽ ആദ്യമായി മത്സരം തുടങ്ങിയ റീചാർളിസൺ അധികം താമസിയാതെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ കൂട്ടീഞ്ഞോ ബ്രസീലിന്റെ ലീഡ് മൂന്നാക്കി. തുടർന്ന് രണ്ടാം പകുതിയിലാണ് റീചാർളിസൺ തന്റെ രണ്ടാമത്തെ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ മാർക്വിഞ്ഞോസ് അഞ്ചാമത്തെ ഗോളും നേടിയ വിജയം രാജകീയമാക്കി.

ഒക്ടോബർ 16ന് അർജന്റീനക്കെതിരെ റിയാദിൽ വെച്ചാണ് ബ്രസീലിന്റെ അടുത്ത മത്സരം.

 

രണ്ട് ചുവപ്പു കാർഡും വാങ്ങി സിറിയക്ക് തോൽവി

ഫൗളുകൾ നിറഞ്ഞു നിന്ന മത്സരത്തിൽ സിറിയക്ക് തോൽവി. സൗഹൃദ മത്സരത്തിൽ കിർഗിസ്ഥാനെ നേരിട്ട സിറിയ ഒട്ടും സൗഹൃദമില്ലാത്ത കളിയാണ് ഇന്ന് പുറത്തെടുത്തത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് കിർഗിസ്താൻ വിജയിച്ചത്. അവസാന 20 മിനുട്ടിനിടെയാണ് അൽ മാവാസ് അടക്കം രണ്ട് സിറിയൻ താരങ്ങൾ ചുവപ്പ് കണ്ട് പുറത്തുപോയത്.

സിർഗൽബേകും സഗിൻബേവും നേടിയ ഗോളുകളാണ് കിർഗിസ്താന് ജയം നൽകിയത്. സിറിയയുടെ ഗോൾ നേടിയത് അൽ സൊമ ആയിരുന്നു. ആ ഗോൾ പിറന്നത് പെനാൾട്ടിയിൽ നിന്നും.

അരങ്ങേറ്റത്തിൽ ഗോളടിച്ച് ഷുൾസ് , പെറുവിനെതിരെ ജർമ്മനിക്ക് ജയം

ജർമ്മനിയോട് പൊറുത്തി തോറ്റ് പെറു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി പെറുവിനെ പരാജയപ്പെടുത്തിയത്. ആദ്യം ലീഡ് നേടിയതിനു ശേഷമാണ് ആതിഥേയർക്ക് മുന്നിൽ പെറു അടിയറവ് പറഞ്ഞത്. ജർമ്മനിക്ക് വേണ്ടി നിക്കോ ഷുൾസും ജൂലിയൻ ബ്രാൻഡും ഗോളുകൾ നേടി . പ്രതിരോധ താരം ലൂയിസ് അഡ്വിൻകുളയാണ് പെറുവിന്റെ ഗോൾ നേടിയത്.

ഇരു ടീമുകൾക്കും നിരവധിയവസരങ്ങളാണ് മത്സരത്തിൽ ഉടനീളം ലഭിച്ചത്. ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് പകരം ആന്ദ്രേ ടെർ സ്റ്റെയ്ഗനായിരുന്നു ജർമ്മനിയുടെ വലകാത്തത്. ഫർഫാന്റെയും കുയേവയുടെയും മികച്ച പ്രകടനം അഡ്വിൻകുളയുടെ ഗോളിന് വഴിയൊരുക്കി. ഇരുപത്തിരണ്ടാം മിനുട്ടിൽ പെറു ലീഡ് നേടി.

എന്നാൽ മൂന്നു മിനുട്ടിനുള്ളിൽ ജർമ്മനി സമനില നേടി. ടോണി ക്രൂസിന്റെ അസിസ്റ്റിൽ ജൂലിയൻ ബ്രാൻഡായിരുന്നു ജർമ്മനിക്ക് വേണ്ടി ഗോളടിച്ചത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിക്കവെയാണ് ഹോം ഗ്രൗണ്ടിൽ വെച്ച് ജർമ്മനിക്ക് വേണ്ടിയുള്ള കന്നി ഗോൾ നേടി നിക്കോ ഷുൾസ് ജർമ്മൻ വിജയം ഉറപ്പിച്ചത്.

 

സലായ്ക്ക് ഇരട്ട ഗോൾ, ഈജിപ്തിന് വൻ ജയം

സലായുടെ മികവിൽ ഈജിപ്തിന് വൻ ജയം. ഇന്ന് ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ യോഗ്യതാ റൗണ്ടിൽ നൈജറിനെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. പരിശീലകൻ അഗ്യീറോയുടെ കീഴിലെ ഈജിപ്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സൂപ്പർ താരം സല ഇന്ന് ഇരട്ട ഗോളുമായി തിളങ്ങി. 29ആം മിനുട്ടിലും 86ആം മിനുട്ടിലുമായിരുന്നു സലയുടെ ഗോളുകൾ.

സലയെ കൂടാതെ അയ്മൻ അഷ്റഫ്, മൊഹ്സൻ, സലാ മൊഹ്സൻ, എൽ നേനി എന്നിവരും ഇന്ന് ഗോൾ നേടി‌. സലാ ഇന്നത്തെ ഇരട്ട ഗോളുകളോടെ ഈജിപ്തിനായുള്ള തന്റെ ഗോൾ നേട്ടം 37 ആക്കി. യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിൽ ടുണീഷ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നിരുന്ന ഈജിപ്തിന് ഇന്നത്തെ വിജയം അത്യാവശ്യമായിരുന്നു.

ഇഞ്ച്വറി ടൈം ഗോളിൽ കൊളംബിയക്ക് ജയം

സൗഹൃദ മത്സരത്തിൽ കൊളംബിയ വെനിസ്വേലയെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ഇഞ്ച്വറി ടൈം വരെ പൊരുതിയാണ് കൊളംബിയ ഇന്ന് ജയം സ്വന്തമാക്കിയത്. ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ മാചിസിന്റെ ഗോളിൽ നാലാം മിനുട്ടിൽ തന്നെ വെനിസ്വേല മുന്നിൽ എത്തി. പിന്നീടാണ് കൊളംബിയ പൊരുതു കയറിയത്.

55ആം മിനുട്ടിൽ മൊണാക്കോയുടെ സ്ട്രൈക്കർ ഫാൽകാവോ ആണ് കൊളംബിയക്ക് സമനില നേടിക്കൊടുത്തത്. ബാക്കയുടെ മികച്ച അസിസ്റ്റും ഫാൽകാവോയുടെ മികച്ച ഫിനിഷും ഒത്തുചേർന്നതായിരുന്നു ആ ഗോൾ. കളിയുടെ 90ആം മിനുട്ടിൽ ചാരയാണ് കൊളംബിയയുടെ വിജയ ഗോൾ നേടിയത്. ബുധനാഴ്ച അർജന്റീനക്കെതിരെ ആണ് കൊളംബിയയുടെ അടുത്ത മത്സരം.

സൂപ്പർ താരങ്ങളില്ലാത്ത അർജന്റീനയ്ക്ക് സൂപ്പർ ജയം

സൂപ്പർ താരങ്ങളാരും ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ അർജന്റീനയ്ക്ക് മികച്ച വിജയം. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗുടെമലയെ ആണ് അർജന്റീന തോൽപ്പിച്ചത്. എതിരാളികൾ ദുരബലർ ആയതിനാൽ തന്നെ യുവനിരയെ പരീക്ഷിക്കാൻ സ്കലോനി തീരുമാനിക്കുകയായിരുന്നു. സിമിയോണി, മാർടിനസ്, പാവൊൻ എന്നിവരായിരുന്നു ഇന്ന് അർജന്റീന അറ്റാക്കിനെ നയിച്ചത്.

ആദ്യ പകുതിയിലാണ് കളിയിലെ മൂന്നു ഗോളുകളും പിറന്നത്. 27ആം മിനുട്ടിൽ മാർടിനസ് ആണ് അർജന്റീനയ്ക്ക് ആദ്യം ലീഡ് നൽകിയത്. പെനാൾട്ടിയിൽ നിന്നായിരുന്നു ആ ഗോൾ. പിന്നീട് 35ആം മിനുട്ടിൽ ലൊ സെൽസോയും, 44ആം മിനുട്ടിൽ സിമിയോണിയും ഗോളുകൾ നേടി. നിരവധി അവസരങ്ങൾ രണ്ടാം പകുതിയിലും അർജന്റീന സൃഷ്ടിച്ചു എന്നാൽ ലക്ഷ്യം കാണാൻ ആയില്ല. എതിരാളികൾക്ക് ആകെ ഒരു ഷോട്ടാണ് കളിയിൽ ആകെ തൊടുക്കാനായത്.

ബുധനാഴ്ച കൊളംബിയക്കെതിരെ ആണ് അർജന്റീനയുടെ അടുത്ത മത്സരം.

Exit mobile version