ക്യാപ്റ്റനായി നെയ്മർ, തോൽവിയറിയാതെ ബ്രസീൽ

പരാഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തങ്ങളുടെ കുതിപ്പ്  തുടരുന്നു. 14 കളികളിൽ നിന്ന് 33 പോയിന്റുമായി ബ്രസീൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ ബഹുദൂരം മുന്നിലാണ്.  ദുംഗയെ മാറ്റി ബ്രസീൽ പരിശീലകനായി ടിറ്റെ ചുമതലയേറ്റ ശേഷം ഒരു മത്സരം പോലും ബ്രസീൽ തോറ്റിട്ടില്ല. തുടർച്ചയായ എട്ടാം വിജയമാണ് ടിറ്റെക്കു കീഴിൽ ബ്രസീൽ നേടിയത്.

തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രസീൽ നെയ്മറിന്റെ മുന്നേറ്റങ്ങളിലൂടെ പരാഗ്വ ഗോൾ മുഖം വിറപ്പിച്ചു.  നെയ്മറിനെ തടയാൻ പരാഗ്വ പരുക്കൻ അടവുകൾ പ്രയോഗിച്ചതോടെ തുടക്കത്തിൽ തന്നെ റഫറിക്ക് മഞ്ഞ കാർഡ് എടുക്കേണ്ടി വന്നു.  കളിയുടെ എല്ലാ മേഖലകളിലും മികച്ചു നിന്നെകിലും ഗോൾ നേടാൻ ബ്രസീലിനു 34 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. പൗളിഞ്ഞോയും കൗട്ടീഞ്ഞോയും ചേർന്ന് നടത്തിയ മികച്ച നീക്കത്തിനൊടുവിൽ കൗട്ടീഞ്ഞോ ഗോൾ നേടുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്രസീൽ നെയ്മറിലൂടെയും പൗളിഞ്ഞോയിലൂടെയും മികച്ച മുന്നേറ്റങ്ങൾ നടത്തി. 52ആം മിനുട്ടിൽ  നെയ്മറിന്റെ മികച്ച മുന്നേറ്റം തടയാൻ ശ്രമിച്ച പരാഗ്വ പെനാൽറ്റി വഴങ്ങി.  തുടർന്ന് പെനാൽറ്റി എടുത്ത നെയ്മറിന്റെ കിക്ക്‌ പരാഗ്വ ഗോൾ കീപ്പർ സിൽവ അനായാസം രക്ഷപെടുത്തി. പക്ഷെ 12 മിനുട്ടിനു ശേഷം നെയ്മർ പെനാൽറ്റി നഷ്ട്ടപെടുത്തിയതിനു പ്രായശ്ചിത്തം ചെയ്തു. പരാഗ്വ പ്രധിരോധ നിരയിലെ കൂട്ട പൊരിച്ചിലിനിടയിൽ നെയ്മറിന്റെ ഷോട്ട് ഗോളകുകയായിരുന്നു.

86ആം മിനുട്ടിൽ മാഴ്‌സെലോയിലൂടെ മൂന്നാമത്തെ ഗോളും നേടി ബ്രസീൽ വിജയമുറപ്പിച്ചു. ബ്രസീലിനു വേണ്ടി  കൗട്ടീഞ്ഞോയും നെയ്മറും മികച്ച പ്രകടനം കാഴ്ചവെച്ചു.

Previous articleമെസ്സിയില്ലാതെ ലോകകപ്പ് യോഗ്യതയിൽ ശ്വാസം മുട്ടി അർജന്റീന
Next articleന്യൂസിലാണ്ടിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കോരിചൊരിഞ്ഞ് മഴ