
മെസ്സി ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. ലോകകപ്പിനായി ഒരുങ്ങുന്ന അറ്റ്ജന്റീന ഇന്ന് പുലർച്ചെ ഹെയ്തിയെ ആണ് എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചത്. ദുർബലരായ ഹെയ്തിക്ക് അർജന്റീനയോട് പിടിച്ചു നിൽക്കാൻ വരെ ആയില്ല. മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ സാമ്പോളിയുടെ ടീം 8ആം മിനുട്ടിൽ തന്നെ സ്കോറിംഗ് ആരംഭിച്ചു.
8ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ അർജന്റീനയെ മുന്നിലെത്തിച്ച മെസ്സി 58, 66 മിനുട്ടുകളിൽ വീണ്ടും വല ചലിപ്പിച്ച് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. മെസ്സിയുടെ അർജന്റീനയ്ക്കായുള്ള 6ആം ഹാട്രിക്കും കരിയറിയ 47ആം ഹാട്രിക്കുമാണിത്. ഇന്നത്തെ മൂന്ന് ഗോളുകളോടെ തന്റെ രാജ്യാന്തര ഗോളുകളുടെ എണ്ണം 64 ആക്കി മെസ്സി. ഹാട്രിക്ക് നേടിയ മെസ്സി 69ആം മിനുട്ടിൽ അഗ്വേറോയുടെ ഗോളിനുള്ള അവസരവും ഒരുക്കി.
ഒരു ഷോട്ട് പോലും ടാർഗറ്റിൽ ഉതിർക്കാനാവാതെയാണ് ഹെയ്തി മത്സരം അവസാനിപ്പിച്ചത്. ലോകകപ്പിന് മുന്നോടിയായി ഇനിയും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial