
ബൊളീവിയക്കെതിരെ മത്സരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം മെസ്സിക്ക് മത്സരത്തിൽ നിന്ന് വിലക്ക്. ലാ പാസിലെ മത്സരം കടുത്തതായിരുന്ന അർജന്റീനക്ക് ഇരുട്ടടി പോലെയാവും മെസ്സിയുടെ വിലക്ക്. നാല് മത്സരങ്ങളിൽ നിന്നാണ് ഫിഫ മെസ്സിയെ വിലക്കിയത്. ബ്രസീലിയൻ അസിസ്റ്റന്റ് റഫറിയോട് മോശം വാക്കുകൾ ഉപയോഗിച്ചതിനാണ് മെസ്സിക്ക് വിലക്ക്. ചിലിക്കെതിരായ മത്സരത്തിലാണ് മെസ്സി ഡ്യുസൺ സിൽവയുടെ അമ്മയെ പരാമർശിച്ചു ചീത്ത വിളിച്ചതാണ് വിലക്കിൽ കലാശിച്ചത്.
അർജന്റീനയുടെ ഇനിയുള്ള അഞ്ചു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നാലും മെസ്സിക്കു നഷ്ട്ടമാകും. ഇക്കഡോറിനോടുള്ള അവസാനം മത്സരത്തിൽ മാത്രമാവും മെസ്സിക്ക് അർജന്റീന കുപ്പായം ഇടുക. ഇന്നത്തെ ബൊളീവിയക്കെതിരെയുള്ള മത്സരത്തിന് പുറമെ ഉറുഗ്വാ, വെനിസുവേല, പെറു എന്നിവരോടുള്ള മത്സരങ്ങൾ മെസ്സിക്ക് നഷ്ട്ടമാകും. മത്സര വിലക്കിനു പുറമെ 10,000 സ്വിസ് ഫ്രാങ്ക് പിഴയായും അടക്കണം.
ചിലിക്കെതിരെയുള്ള വിജയത്തോടെ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ അർജന്റീന മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പക്ഷെ ഇനിയുള്ള യോഗ്യത മത്സരങ്ങൾ നിർണായകമായിരിക്കെയാണ് മെസ്സിയുടെ വിലക്ക്.