മാന്ത്രിക കാലുകൾ ചലിച്ചു, മിശിഹായുടെ ചിറകിലേറി അർജന്റീന റഷ്യയിലേക്ക്

- Advertisement -

ലക്ഷോപലക്ഷങ്ങളായ ഫുട്ബാൾ ആരാധകരുടെ പ്രാർത്ഥനക്ക് മെസ്സിയുടെ രൂപത്തിൽ ദൈവം മറുപടി നൽകിയപ്പോൾ അനിശ്ചിതത്വങ്ങൾകൊടുവിൽ ആർജന്റീനക്കും റഷ്യൻ ടിക്കറ്റ്. രാജ്യത്തിനു വേണ്ടി കളിക്കുന്നില്ല എന്ന ചീത്തപ്പേര് മാറ്റി മെസ്സി നേടിയ ഹാട്രിക് ഗോളുകളുടെ മികവിൽ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.

വിജയിക്കുക അല്ലെങ്കിൽ ലോകക്കപ്പിൽ നിന്നും പുറത്തുപോവുക എന്ന നിലയിൽ കളിക്കാൻ ഇറങ്ങിയ അർജന്റീനയെ ഞെട്ടിച്ചു കൊണ്ടു മത്സരത്തിന്റെ 40ആം സെക്കന്റിൽ തന്നെ ഇക്വഡോർ ഗോൾ നേടി. എന്നാൽ മെസ്സി തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ 12ആം മിനിറ്റിൽ തന്നെ ആർജന്റീന സമനില പിടിച്ചു, മെസ്സിയുടെ ആദ്യ ഗോൾ. 18ആം മിനിറ്റിൽ മികച്ച ഒരു ഗോളിലൂടെ മെസ്സി വീണ്ടും അവതരിച്ചപ്പോൾ അർജന്റീന മത്സരത്തിൽ ലീഡ് എടുത്തു. ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-1 എന്ന നിലയിൽ ആയിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ 62ആം മിനിറ്റിൽ ആണ് മെസ്സിയുടെ മൂന്നാം ഗോൾ പിറന്നത്, മികച്ചൊരു നീക്കത്തിനൊടുവിൽ ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ മെസ്സി പന്ത് വലയിലേക്ക് ഇട്ടപ്പോൾ അർജന്റീന വിജയം ഉറപ്പിച്ചിരുന്നു.

വിജയത്തോടെ അർജന്റീന ലോകക്കപ്പ് യോഗ്യത ഉറപ്പിച്ചു. ചിലി ബ്രസീലിനോട് പരാജയപ്പെട്ടതോടെ ലാറ്റിൻ അമേരിക്കൻ യോഗ്യത ടേബിളിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് അർജന്റീന റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement