
ചിലിയ്ക്കെതിരെ അത്ര ആശ്വാസകരമായ വിജയമല്ലെങ്കിലും അനിവാര്യമായ ജയം സ്വന്തമാക്കി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയ അര്‍ജന്റീനയ്ക്ക് ഇനി കടുത്ത പരീക്ഷയാണ് ബൊളീവിയയില്‍ കാത്തിരിക്കുന്നത്. കൊളംബിയയോടു ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റതോടു കൂടി ബൊളീവിയയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞിരിക്കുകയാണ്. പക്ഷേ അര്‍ജന്റീനയ്ക്ക് വിജയം അനിവാര്യമാണ്. ലോക ഫുട്ബോളിലെ ഒന്നാം നമ്പര്‍ റാങ്കുകാര്‍ ഇല്ലാത്തൊരു ലോകകപ്പ് അര്‍ജന്റീനയുടെ കടുത്ത ആരാധകര്‍ക്കെന്നല്ല വൈരികള്‍ക്ക് പോലും ചിന്തിക്കാനാവാത്ത കാര്യമാണ്.
ബൊളീവിയയുടെ ടീമിനെക്കാളും അര്‍ജന്റീനയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തിലുള്ള ലാപ്പാസിലെ പോരാട്ടമാണ്. 2010 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലാപ്പാസില്‍ അര്‍ജന്റീന ബൊളീവിയയോട് തോറ്റത് 6-1നാണ്. ഓക്സിജന്‍ ലഭ്യത ടീമിന്റെ പ്രകടനത്തെ ഏറെ ബാധിക്കുന്ന ലാപ്പാസില്‍ നിന്ന് ജയം ഇല്ലെങ്കില്‍ പോലും അധികം പോറല്‍ ഏല്ക്കാതെ രക്ഷപ്പെടുക എന്നതാവും അര്‍ജന്റീന ലക്ഷ്യം വയ്ക്കുക.
മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജ്യോ അഗ്യുറോയ്ക്ക് ആദ്യ ഇലവനില്‍ ഇടം നല്‍കാതെയാണ് എഡ്ഗാര്‍ഡോ ബൗസ ബൊളീവിയയ്ക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചത്. സസ്പെന്‍ഷനിലായതിനാല്‍ ഹിഗ്വെയിനും മത്സരത്തിനുണ്ടാകില്ല. ലയണല്‍ മെസ്സിയ്ക്ക് കൂട്ടായി എത്തുക സാവോ പോളോയുടെ സ്ട്രൈക്കര്‍ ലൂകാസ് പ്രാറ്റോ ആവും. നികോളസ് ഓട്ടമെന്‍ഡി, മാഷ്കരാനോ, ലൂകാസ് ബിഗ്ലിയ എന്നിവരും സസ്പെന്‍ഷനിലാണ്.
#Eliminatorias #Bauza en conferencia confirmó este equipo para enfrentar a #Bolivia 👇🏽 pic.twitter.com/9DqGMxHi6V
— Selección Argentina (@Argentina) March 27, 2017