തിരിച്ചു വരവ് ആഘോഷമാക്കി ബലോട്ടെല്ലി, മാൻചിനിയുടെ ഇറ്റലിക്ക് വിജയത്തുടക്കം

- Advertisement -

2014 ലോകകപ്പിന് ശേഷം ഇറ്റാലിയൻ ടീമിൽ തിരിച്ചെത്തിയ ബലോട്ടെല്ലി തിരിച്ചു വരവ് ആഘോഷമാക്കുകയായിരുന്നു. ബലോട്ടെലിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഇറ്റലി സൗദി അറേബ്യായെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. റോബർട്ടോ മാൻചിനിയുടെ ഇറ്റാലിയൻ കോച്ചായിട്ടുള്ള ആദ്യ മത്സരം തന്നെ വിജയത്തോടെ തുടങ്ങാൻ അദ്ദേഹത്തിന് സാധിച്ചു.

ആദ്യ പകുതിയിൽ തന്നെ ലീഡ് നേടാൻ ഇറ്റലിക്ക് സാധിച്ചു. ഇരുപതാം മിനുട്ടിൽ തകർപ്പൻ ഗോളിലൂടെ മുൻ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ ബലോട്ടെല്ലി തന്റെ വരവറിയിച്ചു. രണ്ടാം പകുതിയിലും ബലോട്ടെല്ലിയുടെ ഗോളിലൂടെയാണ് ഇറ്റലി ലീഡ് ഉയർത്തിയത്. അൽ ഷേഹ്രിയാണ് സൗദിക്ക് വേണ്ടി ഗോൾ അടിച്ചത്. ചെൽസിയുടെ ഡേവിഡ് സപ്പകോസ്റ്റ വരുത്തിയ പിഴവ് മുതലെടുത്ത അൽ ഷേഹ്രിക്ക് പിഴച്ചില്ല. ഇതിഹാസതാരം ബുഫൺ വിരമിച്ചതിനു ശേഷം ഇറ്റലിക്ക് വേണ്ടി ഇറങ്ങിയ മിലാന്റെ യുവതാരം ഡോണാരുമയ്ക്ക് ഇറ്റലിക്ക് വേണ്ടി ആ നിമിഷത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇറ്റലിയും മാൻചിനിയും തിരിച്ചു വരവിന്റെ പാതയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement