ഇസ്കോ തിളങ്ങി, സ്പെയിനിനു ജയം

- Advertisement -

പൊരുതി നിന്ന മാസിഡോണിയയെ 2  – 1 നു തോൽപ്പിച്ച് സ്പെയിൻ ലോകകപ്പ് യോഗ്യതയിൽ ഒന്നാം സ്ഥാനം നിലനിർത്തി.  സ്പെയിനിനു വേണ്ടി ഡേവിഡ് സിൽവയും ഡിയെഗോ കോസ്റ്റയും ഗോൾ നേടിയപ്പോൾ മാസിഡോണിയയുടെ ഗോൾ സ്റ്റെഫാൻ രിസ്റ്റോവ്സ്കിയുടെ വകയായിരുന്നു.

15ആം മിനുട്ടിൽ ഡേവിഡ് സിൽവയിലൂടെയാണ് സ്പെയിൻ മുന്പിലെത്തിയത്. ഇടത് ഭാഗത്തു നിന്ന് ഇനിയേസ്റ്റയും ജോർഡി ആൽബയും ചേർന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ ഡേവിഡ് സിൽവ ഗോളാക്കി മാറ്റുകയായിരുന്നു.  27ആം മിനുട്ടിൽ കോസ്റ്റയിലൂടെ  സ്പെയിൻ ലീഡ് ഉയർത്തി.  വലത് ഭാഗത്തു നിന്ന് മാസിഡോണിയ പ്രധിരോധ നിരയെ കബളിപ്പിച്ച് ഇസ്കോ നൽകിയ പാസ് കോസ്റ്റക്ക് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

മത്സരത്തിലെ ആധിപത്യത്തിന് വിപരീതമായി 66ആം മിനുട്ടിൽ മാസിഡോണിയ ഒരു ഗോൾ തിരിച്ചടിച്ചു. അത് വരെ പരീക്ഷിക്കപെടാതെ നിന്ന ഡേവിഡ് ഡി ഹിയ മാസിഡോണിയ നടത്തിയ കൌണ്ടർ അറ്റാക്കിങ്ങിൽ ഗോൾ വഴങ്ങി. സ്റ്റെഫാൻ രിസ്റ്റോവ്സ്കിയുടെ മികച്ചൊരു ഷോട്ട് ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ സ്പെയിൻ വല കുലുക്കി.  ഗോൾ വഴങ്ങിയെങ്കിലും മത്സരത്തിൽ മാസിഡോണിയക്ക് കൂടുതൽ അവസരങ്ങൾ നൽകാതെ സ്പെയിൻ കളി നിയന്ത്രിച്ചു.

മികച്ച ഫോമിലുള്ള ഇസ്കോയെ ആദ്യ പതിനൊന്നിൽ കളിപ്പിച്ചാണ് കോച്ച് ജൂലൈൻ ലോപെട്ടഗൈ ടീമിനെ ഇറക്കിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ഇസ്കോ സ്പെയിനിന്റെ മികച്ച മുന്നേറ്റങ്ങൾക്ക് പിറകിൽ എല്ലാം ഉണ്ടായിരുന്നു.  മത്സരത്തിലുടനീളം പന്ത് കൈവശംവെച്ചെങ്കിലും ഒരു മികച്ച വിജയം നേടാൻ സ്പെയിനിനായില്ല.

ജയത്തോടെ 6 കളികളിൽ നിന്ന് 16 പോയിന്റുമായി സ്പെയിൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. 16 പോയിന്റ് തന്നെയുള്ള ഇറ്റലി ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ്.

ലോകകപ്പ് യോഗ്യത മത്സര ഫലങ്ങൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement