ഇഞ്ചുറി ടൈമിൽ ബ്രസീലിനെതിരെ അർജന്റീന വീണു

ജിദ്ദയിൽ നടന്ന സൂപ്പർ ക്ലാസിക്കോ പോരാട്ടത്തിൽ ബ്രസീലിനു ജയം.  ഇഞ്ചുറി ടൈമിൽ മിറാൻഡ നേടിയ ഗോളിലാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്. സ്റ്റേഡിയം തിങ്ങി നിറഞ്ഞ മലയാളി ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കിയാണ് ബ്രസീൽ സൂപ്പർ ക്ലാസിക്കോ കിരീടം സ്വന്തമാക്കിയത്. യുവ നിരയുമായി മത്സരത്തിന് ഇറങ്ങിയ അർജന്റീനക്കെതിരെ മികച്ച ടീമിനെ അണി നിരത്തിയാണ് ബ്രസീൽ ഇറങ്ങിയത്. നെയ്മർ – ജെസൂസ് – ഫിർമിനോ എന്നിവരെ മുൻപിൽ നിർത്തി മത്സരം തുടങ്ങിയ ബ്രസീൽ മത്സരത്തിൽ നേരിയ മുൻതൂക്കം നേടിയെങ്കിലും പലപ്പോഴും അർജന്റീന ഗോൾ മുഖം ആക്രമിക്കാൻ അവർക്കായില്ല.

അതെ സമയം കിട്ടിയ അവസരങ്ങളിൽ എല്ലാം ബ്രസീൽ ഗോൾ മുഖം ആക്രമിക്കാൻ അർജന്റീന ശ്രമിച്ചെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ അർജന്റീനക്കുമായില്ല. അവസരങ്ങൾ കുറഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാന ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീൽ ഇഞ്ചുറി ടൈമിലെ ഗോളിൽ വിജയിക്കുകയായിരുന്നു. നെയ്മറിന്റെ കോർണറിൽ നിന്ന് മിറാൻഡയാണ് ചിര വൈരികളുടെ പോരാട്ടത്തിൽ നിർണായക ഗോൾ നേടിയത്.

മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും യുവ നിരയെ വെച്ച് ബ്രസീൽ ആക്രമണത്തെ 90 മിനുട്ടോളം പ്രതിരോധിച്ച അർജന്റീന ടീമിന്റെ പ്രകടനത്തിൽ പരിശീലകൻ സ്കലോണി സംതൃപ്തനാവും.

Previous articleകിഡംബിയ്ക്ക് അനായാസ ജയം
Next articleഗ്രീസ്മൻ നയിച്ചു, ഫ്രാൻസ് ജയിച്ചു!! ജർമ്മൻ ദുരിതം തുടരുന്നു