കംബോഡിയൻ പടയ്ക്കു മുന്നിൽ ഇന്ത്യ വിറച്ചു

എഴുപതിനായിരത്തോളം വരുന്ന കംബോഡിയൻ ആരാധകർക്ക് മുന്നിൽ ഇന്ത്യയെ വിറപ്പിച്ചു കൊണ്ട് കംബോഡിയ കീഴടങ്ങി. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യ വിജയിച്ചുവെങ്കിലും കാണാൻ കഴിഞ്ഞത് കംബോഡിയയുടെ കളിയായിരുന്നു.

മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും വിനീതിനും ആദ്യ ഇലവനിൽ ഇടം കൊടുത്തായിരുന്നു കംബോഡിയയിൽ കോൺസ്റ്റന്റൈൻ ടീമിനെ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. പക്ഷെ കംബോഡിയയുടെ യുവ നിരയ്ക്കു മുന്നിൽ ഇന്ത്യ പതറുന്നതാണ് കളിയിലുടനീളം കാണാൻ കഴിഞ്ഞത്. ആർട്ടിഫിഷ്യൽ ടർഫിൽ താളം കണ്ടെത്താൻ കഷ്ടപ്പെട്ട ഇന്ത്യൻ നിര 35ാം മിനുട്ടിൽ ക്യാപ്റ്റൻ ഛേത്രിയുടെ ഗോളിൽ മുന്നിലെത്തി. ലിംഗ്ദോഹിന്റെ കോർണറിൽ നിന്നു പിറന്ന അവസരം മുതലാക്കിയായിരുന്നു ഛേത്രിയുടെ ഗോൾ.

രണ്ടുമിനുട്ടിനകം തന്നെ കംബോഡിയ ഗോൾ മടക്കിക്കൊണ്ട് കളിയിലെ തങ്ങളുടെ മികവ് അറിയിച്ചു. രണ്ടാം പകുതിയിൽ ജിംഗനേയും ജെജെയേയും പകരക്കാരായി ഇറക്കിയ കോൺസ്റ്റന്റൈൻ നീക്കം ഗോളുകളാക്കി ജെജെയും ജിംഗനും രണ്ടാം പകുതി തുടങ്ങി ഏഴു മിനുട്ടുകളിൽ തന്നെ ശരി വെച്ചു. ഇന്ത്യ മികച്ചു നിന്നത് രണ്ടാം പകുതിയുടെ തുടക്കത്തിലെ ആ ഏഴു മിനുട്ടുകളിൽ മാത്രമായിരുന്നു.

അറുപതാം മിനുട്ടിൽ രണ്ടാം ഗോൾ നേടി 2-3 എന്ന നിലയിൽ എത്തിയ കംബോഡിയ കളിയുലടനീളം സമനില ഗോളിനു വേണ്ടി ഇന്ത്യൻ ഡിഫൻസിനെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. 3-2ന്റെ പരാജയം കംബോഡിയ ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യക്കായിരുന്നു നിരാശ. 28ാം തീയ്യതി മ്യാന്മാറിനെതിരെ ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിൽ ഇറങ്ങേണ്ട ഇന്ത്യക്ക് ഒരു പോയന്റെങ്കിലും മ്യാന്മാറിൽ പ്രതീക്ഷിക്കണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തിയേ മതിയാകൂ.

Summer Trading