ഇന്ത്യക്ക് കിർഗിസ്താൻ അഗ്നിപരീക്ഷ

ഏഷ്യൻ കപ്പ് 2019ന്റെ യോഗ്യത മത്സരത്തിൽ ചൊവ്വാഴ്ച്ച ഇന്ത്യ കിർഗിസ്താനെ നേരിടും. യോഗ്യത റൗണ്ടിലെ ആദ്യ മത്സരങ്ങൾ ജയിച്ചാണ് ഇരു ടീമുകളുടെയും വരവ്. ബാംഗ്ലൂർ കണ്ടീരവ സ്റ്റേഡിത്തിൽ വെച്ചാണ് മത്സരം. മാർച്ചിൽ നടന്ന ആദ്യ ഘട്ട മത്സരങ്ങളിൽ ഇന്ത്യ മ്യാന്മറിനെയും കിർഗിസ്താൻ മക്കാവുവിനേയും തോൽപ്പിച്ചിരുന്നു.  ഇന്ത്യയേക്കാൾ 32 റാങ്ക് താഴെ ആണെകിലും കിർഗിസ്താൻ  ഗ്രൂപ്പിൽ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്തും എന്നുതന്നെയാണ് കരുതപ്പെടുന്നത്.

അതെ സമയം 20 വർഷത്തിനിടെ ആദ്യമായി റാങ്കിങ്ങിൽ 100ആം സ്ഥാനത്ത് എത്തിയ ഇന്ത്യ മികച്ച ഫോമിലാണ്. അവസാനം കളിച്ച 7 മത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്റെ വരവ്. കഴിഞ്ഞ ദിവസം നേപ്പാളിനെതിരെയുള്ള സന്നാഹ മത്സരത്തിലും ഇന്ത്യ 2 – 0 നു ജയിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തിൽ പരിക്കുമൂലം കളിക്കാതിരുന്ന സുനിൽ ഛേത്രി ആദ്യ പതിനൊന്നിൽ തിരിച്ചെത്തും എന്നത് ഇന്ത്യക്ക് ആശ്വാസമാവും. ജെജെയും ആക്രമണ നിരയിൽ ചേരുന്നതോടെ ഇന്ത്യൻ ആക്രമണ നിര കരുത്താർജിക്കുമെന്ന് പ്രതീക്ഷിക്കാം. മ്യാന്മറിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദന്ത സിംഗിന്റെ സേവനം ഇന്ത്യക്ക് നഷ്ട്ടമാകും. ബെംഗളൂരു എഫ് സിയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും താരം സി കെ വിനീതും പരിക്കുമൂലം ടീമിൽ ഇടം നേടിയിട്ടില്ല. മധ്യ നിരയിലെ പ്രകടനമാണ് കോൺസ്റ്റന്റൈൻ വലക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ മധ്യ നിരക്ക് കഴിഞ്ഞിട്ടില്ല. റൗളിങ് ബോർഗിസ് തിരിച്ചെത്തുകയും നേപ്പാളിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ലിങ്‌ദോ വീണ്ടും അതെ പ്രകടനം കാഴ്ചവെക്കുകയും ചെയ്താൽ ഒരു പരിധിവരെ പ്രകടനം മെച്ചപ്പെടുത്താനാവുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. പ്രധിരോധ നിരയിൽ വിശ്വസ്തരായ അനസ് എടത്തൊടികയും ജിങ്കനും തന്നെയാവും ഇറങ്ങുക.

അതെ സമയം തടി മിടുക്ക് കൊണ്ട് പേര് കേട്ട കിർഗിസ്താൻ പ്രധിരോധ നിരയെ ഛേത്രി അടങ്ങുന്ന ഇന്ത്യൻ ആക്രമണ നിര എങ്ങനെ നേരിടുമെന്ന് കണ്ടറിയാം. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കിർഗിസ്താൻ ഓസ്‌ട്രേലിയക്കും ജോർദാനും പിറകിൽ മൂന്നാം സ്ഥാനക്കാരാണ്. അവസാന കളിച്ച 5 മത്സരങ്ങളിൽ മികച്ച എതിരാളികളായിട്ടുകൂടി കിർഗിസ്താൻ വെറും 1 ഗോൾ മാത്രമാണ് വഴങ്ങിയത് എന്നതും ശ്രേദ്ധേയമാണ് . യൂറോപ്പിലെയും ഏഷ്യയിലെയും മികച്ച ലീഗിൽ കളിക്കുന്ന ഒരു പറ്റം താരങ്ങളാണ് കിർഗിസ്താന്റെ മുതൽക്കൂട്ട്.  അതെ സമയം ഗോൾ പോസ്റ്റിനു മുൻപിൽ ഗോൾ നേടാൻ  താരങ്ങൾ ഇല്ലാത്തതാണ് കിർഗിസ്താന്റെ പ്രശ്നം.  അവസാനം ജയിച്ച നാല് കളികളിലും ഒന്നിൽ കൂടുതൽ നേടാൻ അവർക്കായിട്ടില്ല.

ഈ മത്സരത്തിന്റെ വിജയം ഫിഫ റാങ്കിങ്ങിനെ കാര്യമായി സ്വാധീനിക്കുന്നു എന്നത് കൊണ്ട് തന്നെ ഇന്ത്യക്കിത് നിർണായകമാണ്.  കിർഗിസ്താനെതിരെ വിജയിച്ചാൽ ഇന്ത്യൻ റാങ്കിങ് 95-96 സ്ഥാനങ്ങളിലേക്ക് ഉയരാൻ സാധ്യതയുണ്ട്.  അതെ സമയം പരാജയപ്പെട്ടാൽ ഇന്ത്യയുടെ റാങ്കിങ് 125-126 സ്ഥാനങ്ങളിലേക്ക് കൂപ്പുകുത്തുമെന്നാണ് കരുതപ്പെടുന്നത്. ഒരു സമനില പോലും ഇന്ത്യയുടെ റാങ്കിങ് 118 -119 സ്ഥാനങ്ങളിൽ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇസ്കോ തിളങ്ങി, സ്പെയിനിനു ജയം
Next articleസ്റ്റേഡിയം നീല കടലാകും, കളി കാണാൻ എത്തുന്നവർക്ക് താമസം വരെ ഒരുക്കി ആരാധകർ