കിർഗിസ്ഥാനെ തകർത്തെറിഞ്ഞ ഛേത്രി മാജിക്ക്, ഇന്ത്യയുടെ ഏഷ്യൻ സ്വപ്നങ്ങൾ പൂക്കുന്നു

- Advertisement -

ഇന്ത്യയുടെ യുഎഇ ഏഷ്യൻ കപ്പ് സ്വപ്നങ്ങൾ പൂക്കുകയാണ്. 69ാം മിനുട്ടിലെ സുനിൽ ഛേത്രി മാജിക്കാണ് ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കോട്ടം തട്ടാതെ രക്ഷിച്ചത്. കിർഗിസ്ഥാനെ ഛേത്രി തകർത്തെറിയുക ആയിരുന്നു. ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ജയം നേടിയതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. നേരത്തെ ഇന്ത്യ മ്യാന്മാറിനേയും പരാജയപ്പെടുത്തിയിരുന്നു.

പരിക്കേറ്റ ഉദാന്ത സിംഗും സി കെ വിനീതും ഇല്ലാതെയാണ് ബെംഗളൂരുവിൽ ഇന്ത്യ ഇന്ന് ഇറങ്ങിയത്. തുടക്കത്തിൽ ഇന്ത്യ താളം കണ്ടെത്താൻ കഷ്ടപ്പെട്ടു എങ്കിലും ഇന്ത്യൻ ഡിഫൻസും ഗുർപ്രീതും രക്ഷയ്ക്ക് എത്തുകയായിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു എങ്കിലും മത്സരം ആരംഭിച്ചതിനേക്കാൾ ആത്മവിശ്വാസത്തോടെ ആയിരുന്നു ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്. ജെജെയ്ക്കു കിട്ടിയ അവസരങ്ങൾ മുതലാക്കാൻ കഴിയാഞ്ഞതാണ് ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കാൻ കാരണം.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണത്തിലേക്ക് ഇരുടീമുകളും നീങ്ങുകയായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ ജെജെ തൊടുത്ത ഷോട്ട് കിർഗിസ്ഥാൻ ഗോൾകീപ്പർ രക്ഷപ്പെടുത്തി. കളിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ നിമിഷം വന്നത് രണ്ടാം പകുതിയിലായിരുന്നു. കിർഗിസ്ഥാൻ സ്ട്രൈക്കർ മുർസേവ് തൊടുത്ത ഷോട്ട് ഗോൾ ലൈൻ വിട്ട് വന്ന ഗുർപ്രീത് തടുത്തു എങ്കിലും പന്തു റീബൗണ്ടിനായി ലക്സിനു ലഭിക്കുകയായിരുന്നു. ഗോൾ കീപ്പർ ഇല്ലാത്ത പോസ്റ്റിലേക്ല് ലക്സ് തൊടുത്ത ഷോട്ട് അനസ് എടത്തൊടികയും ജിങ്കനും ചേർന്ന് അത്ഭുതകരമായി ഗോൾ ലൈനിൽ വെച്ച് രക്ഷിച്ചു
കളിയിൽ ഇന്ത്യയെ നിലനിർത്തിയത് അനസിന്റെ ആ ഗോൾ ലൈൻ സേവ് ആയിരുന്നു.

69ാം മിനുറ്റിലാണ് മത്സരത്തിലെ ഛേത്രി മാജിക്ക് ഇന്ത്യ കണ്ടത്. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച ഛേത്രി കിർഗിസ്ഥാൻ ഡിഫൻസിനെ കീറി മുറിച്ചു. ബോക്സിനടുത്ത് വെച്ച് ജെജെയ്ക്ക് പന്തു കൈമാറി ബോക്സിലേക്ക് കുതിച്ച ഛേത്രിയെ ജെജെ പാസിലൂടെ കണ്ടെത്തി. ഹാഫ് വോളിയിലൂടെ ഛേത്രിയുടെ തകർപ്പൻ ഗോൾ. ഛേത്രിയുടെ ഇന്ത്യയ്ക്കു വേണ്ടിയുള്ള 54ാം ഗോളാണ് ഇത്.

ഗോളിനു ശേഷം ഡിഫൻസിലേക്ക് ഊന്നിയ ഇന്ത്യ വിജയം സ്വന്തമാക്കുക ആയിരുന്നു. ഛേത്രി മാജിക്ക് ഉണ്ട് എങ്കിലും അനസിന്റെയും ജിങ്കന്റെയും ലോക നിലവാരത്തിലുള്ള പ്രതിരോധ കൂട്ടായ്മയാണ് ഇന്ത്യയെ ഇന്ന് വിജയത്തിൽ എത്തിച്ചത്. ഇന്ത്യയുടെ തുടർച്ചയായ എട്ടാം വിജയമാണിത്. നേരത്തെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മ്യാന്മാർ മകോവയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement