ഗിഗ്‌സ് ഇനി വെയിൽസ്‌ ദേശീയ ടീം പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്‌സ് ഇനി വെയിൽസ്‌ ദേശീയ ടീമിനെ പരിശീലിപ്പിക്കും. നാലര വർഷത്തെ കരാറിലാണ് ഗിഗ്‌സിനെ വെയിൽസ്‌ ഫുട്‌ബോൾ അസോസിയേഷൻ പരിശീലകനായി ചുമതല നൽകിയത്. മുൻ വെയിൽസ്‌ ദേശീയ ടീം കളിക്കാരൻ കൂടിയാണ് 44 കാരനായ ഗിഗ്‌സ്. ക്രിസ് കോൾമാൻ രാജിവച്ച ഒഴിവിലേക്കാണ് താരം എത്തുന്നത്. ലോകകപ്പ് യോഗ്യത നേടാനാവാതെ പോയതോടെയാണ് കോൾമാൻ രാജി വച്ചത്. നേരത്തെ ഗിഗ്‌സുമായി വെയിൽസ്‌ ഫുട്‌ബോൾ അസോസിയേഷൻ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

ഏറെ വർഷത്തെ കാതിരിപ്പുകൾക്ക് ശേഷം വെയിൽസ്‌ ഫുട്‌ബോളിൽ പ്രതിഭകൾ വളർന്ന് വരുന്ന കാലത്ത് ടീമിനെ വളർത്തി എടുക്കുക എന്നത് തന്നെയാവും ഗിഗ്‌സിനുള്ള പ്രധാന വെല്ലുവിളി. 2016 യൂറോകപ്പ് സെമി ഫൈനൽ എത്തിയ ടീം പക്ഷെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിറം മങ്ങിയിരുന്നു. 2020 യൂറോ കപ്പിന് മുൻപ് ടീമിനെ തയ്യാറാക്കുക എന്നതും ഗിഗ്‌സിനുള്ള വെല്ലുവിളിയാവും. 2013-2014 സീസണിന്റെ അവസാനം ഡേവിഡ് മോയസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയപ്പോൾ ഗിഗ്‌സായിരുന്നു താൽക്കാലിക പരിശീലകൻ. പിന്നീട് ലൂയി വാൻഗാലിന്റെ കീഴിൽ സഹ പരിശീലകനായ ഗിഗ്‌സ് മൗറീഞ്ഞോ പരിശീലകനായ ശേഷം ക്ലബ്ബ് വിടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial