ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരം : ടിമോ വെർണർ ഇറങ്ങില്ല

- Advertisement -

നാളെ നടക്കാനിരിക്കുന്ന ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരത്തിൽ ആർബി ലെപ്‌സിഗിന്റെ സ്ട്രൈക്കെർ ടിമോ വെർണർ കളിക്കില്ല. ഉദര സംബന്ധമായ അസുഖം ബാധിച്ചതിനാൽ ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ വെർണർ  ഉണ്ടാവില്ലെന്ന് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ജർമ്മൻ നാഷണൽ ടീമിൽ സ്ഥിരം സ്ഥാനം ലഭിക്കാനുള്ള അശ്രാന്തപരിശ്രമം നടത്തുന്ന ടിമോ വെർണർക്ക് അസുഖം ഒരു തിരിച്ചടിയായി. എന്നാൽ ശനിയാഴ്ച ന്യൂറംബർഗിൽ നടക്കുന്ന സാൻ മാറിനോയ്‌ക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ജർമ്മനിക്ക് വേണ്ടി വെർണർ ഇറങ്ങും. വെർണറിന്റെ അഭാവത്തിൽ ഹൊഫെൻഹെയിമിന്റെ ഫോർവേഡ് സാൻഡ്രോ വാഗ്നെർ ആയിരിക്കും കളത്തിൽ ഇറങ്ങുക. ജർമ്മൻ നാഷണൽ ടീമിന് വേണ്ടി ആദ്യമായാണ് സാൻഡ്രോ വാഗ്നെർ ജേഴ്സിയണിയുന്നത്.

പൂർണമായും യുവ നിരയ്ക്ക് പ്രാധാന്യം നൽകിയാണ് ജർമ്മനി റഷ്യയിൽ നടക്കുന്ന കോൺഫെഡറേഷൻസ് കപ്പിനായിറങ്ങുന്നത്. ആറ് പുതുമുഖങ്ങൾ ടീമിൽ ഇടം നേടിയപ്പോൾ  ടോണി ക്രൂസ്,തോമസ് മുള്ളർ, മെസ്യൂട് ഓസിൽ തുടങ്ങിയ പരിചയ സമ്പന്നരായ കളിക്കാർക്കൊക്കെ റിക്കവറി ടൈം കൊടുത്തിരിക്കുകയാണ് ജർമ്മൻ നാഷണൽ ടീം കോച്ച് ജോക്വിം ലോ. ജൂൺ 17 നു ആരംഭിക്കുന്ന കോൺഫെഡറേഷൻസ്കപ്പിൽ കാമറൂൺ,ചിലി,ഓസ്‌ട്രേലിയ എന്നീ ടീമുകൾക്കൊപ്പം  ഗ്രൂപ്പ് ബിയിലാണ് ജർമ്മനി. ജർമ്മനിയുടെ ആദ്യ മത്സരം ജൂൺ 19  ഓസ്‌ട്രേലിയക്കെതിരെയാണ്. ജൂലൈ 2 ആണ് കോൺഫെഡറേഷൻ കപ്പ് ഫൈനൽ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement