വാഗ്നെർക്ക് ഹാട്രിക്ക്, ഗോൾ മഴ പെയ്യിച്ച് ജർമ്മനി

നൂറംബർഗിൽ ഗോൾ മഴ പെയ്യിച്ച് ജർമ്മനി. എകപക്ഷീയമായ ഏഴു ഗോളുകൾക്കാണ് സാൻ മറീനോയെ ജർമ്മനി പരാജയപ്പെടുത്തിയത്. സാൻഡ്രോ വാഗ്നെർ ജർമ്മനിക്ക് വേണ്ടി ഹാട്രിക്ക് നേടി. അമീൻ യൂനെസും ജർമ്മനിക്ക് വേണ്ടി ഗോളടിച്ചു.

യുവനിരയുമായി വേൾഡ് കപ്പ് ക്വാളിഫയറിലിറങ്ങിയ ജോവാക്കിം ലോ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി. സാൻഡ്രോ വാഗ്നെർ- ജോഷ്വാ കിമ്മിഷ് കൂട്ട് കെട്ടാണ് ജർമ്മൻ അക്രമണത്തിന്റെ കുന്തമുനയായത്. വാഗ്നെറുടെ രണ്ട് ഗോളുകളും അസിസ്റ്റ് ചെയ്തത് ബയേൺ മ്യൂണിക്കിന്റെ കിമ്മിഷാണ്. 11ആം മിനുട്ടിൽ ക്യാപ്റ്റൻ ജൂലിയൻ ഡ്രാക്സ്ലർ ആണ് ജർമ്മനിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. സാൻ മറീനോയുടെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്താണ് ഡ്രാക്സ്ലർ ലക്ഷ്യം കണ്ടത്. അധികം വൈകാതെ 16ആം മിനുട്ടിൽ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ വാഗ്നെർ തന്റെ ആദ്യ ഗോൾ നേടി. അധികം വൈകാതെ തന്നെ വാഗ്നെർ തന്റെ രണ്ടാം ഗോളും നേടി. അമീൻ യൂനുസിന്റെ അസിസ്റ്റിൽ ആയിരുന്നു രണ്ടാം ഗോൾ. 38 ആം മിനുറ്റിൽ അയാക്സിന്റെ വിങ്ങർ അമീൻ യൂനുസ് സ്കോർഷീറ്റിൽ തന്റെ പേരെഴുതി. കിമ്മിഷിന്റെ കോർണർ തടയുന്നതിൽ പിഴവ് വരുത്തിയ സാൻ മറീനോയുടെ ഗോൾ കീപ്പർ അമീൻ യൂനുസിന്റെ ഗോളിന് കളമൊരുക്കി.

രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച ജർമ്മനി വളരെപ്പെട്ടന്ന് സ്കോർ ചെയ്തു. 47ആം മിനുട്ടിൽ മുസ്താഫി ഗോളടിച്ചു. 72ആം മിനുട്ടിൽ കിമ്മിഷിന്റെ അസിസ്റ്റിൽ ജുലിയൻ ബ്രാൻഡ്റ്റ് ഡൈവിങ്ങ് ഹെഡ്ഡറിലൂടെ ലീഡുയർത്തി. 85ആം മിനുട്ടിൽ വാഗ്നെർ ഹാട്രിക്ക് തികച്ചു. ഓടി വരുന്ന വാഗ്നറെ സ്പോട്ട് ചെയ്ത കിമ്മിഷ് പന്ത് പാസ് ചെയ്തു. കിടിലൻ ഹെഡ്ഡറിലൂടെ സാൻ മറീനയുടെ പരാജയം വാഗ്നെർ ഉറപ്പിച്ചു.

സാൻഡ്രോ വാഗ്നെർക്കും കോച്ച് ജോവാക്കിം ലോയ്ക്കും സംതൃപ്തി നൽകുന്നതായിരിക്കും മാച്ചിന്റെ ഫലം. നാഷണൽ ടീമിനു വേണ്ടി 29 കൊല്ലം കാത്തിരുന്ന ഹോഫെൻഹെയിമിന്റെ താരം കിട്ടിയ അവസരം മുതലെടുത്തു. യുവനിരയുമായി കോൺഫെഡറേഷൻ കപ്പിനിറങ്ങുന്ന ജോവാക്കിം ലോയ്ക്ക് ഈ വമ്പൻ വിജയം ആത്മവിശ്വാസമേകും. തകർപ്പൻ പ്രകടനവുമായി ജോഷ്വാ കിമ്മിഷ് നാഷണൽ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയോ ദക്ഷിണാഫ്രിക്കയോ, ഇന്നറിയാം സെമിയില്‍ ആര്‍ക്കെന്ന്?
Next articleപെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ഇറ്റലിയ്ക്ക് മൂന്നാം സ്ഥാനം