വെറും രണ്ട് മത്സരം, ചൈനയുടെ പരിശീലക വേഷം മതിയാക്കി കന്നവാരോ

0
വെറും രണ്ട് മത്സരം, ചൈനയുടെ പരിശീലക വേഷം മതിയാക്കി കന്നവാരോ
Photo: AFP

ചൈനയുടെ പരിശീലകനായിരുന്ന ക്യാപ്റ്റൻ ഫാബിയോ കന്നവാരോ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. വെറും രണ്ടു മത്സരം പരിശീലിപ്പിച്ചതിനു ശേഷമാണു കന്നവാരോ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുന്നത്. കന്നവാരോക്ക് കീഴിൽ കളിച്ച രണ്ടു മത്സരങ്ങളിലും ചൈന പരാജയപ്പെട്ടിരുന്നു. സ്വന്തം ഗ്രൗണ്ടിൽ തായ്ലൻഡിനോടും ഉസ്‌ബെക്കിസ്ഥാനോടുമാണ് ചൈന പരാജയപ്പെട്ടത്. ഇറ്റലിക്ക് ലോകകപ്പ് കിരീടം നേടി കൊടുത്ത ക്യാപ്റ്റനാണ് കന്നവാരോ.

കഴിഞ്ഞ ജനുവരിയിലാണ് ഏഷ്യൻ കപ്പിലെ പരാജയത്തെ തുടർന്ന് പരിശീലകനായിരുന്ന മാഴ്‌സെലോ ലിപ്പി രാജി വെച്ചത്. തുടർന്നാണ് ചൈനീസ് സൂപ്പർ ലീഗിൽ ഗുവാൻസോ എവർഗ്രാൻഡെയുടെ പരിശീലകനായിരുന്ന കന്നവാരോ ചൈനയുടെ പരിശീലക സ്ഥാനം കൂടി ഏറ്റെടുത്തത്. രണ്ടു പരിശീലക ജോലി കൂടി ഒരുമിച്ച് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ചൈനയുടെ പരിശീലക വേഷം ഒഴിയുന്നതെന്ന് കന്നവാരോ വ്യക്തമാക്കി. അതെ സമയം കഴിഞ്ഞ ജനുവരിയിൽ ടീം വിട്ട ലിപ്പി വീണ്ടും ചൈനയുടെ പരിശീലകനാവാൻ സാധ്യതയുണ്ടെന്നും റിപോർട്ടുകൾ ഉണ്ട്.