ഹാരി കെയ്ൻ രക്ഷകനായി, സമനില കൊണ്ട് രക്ഷപെട്ട് ഇംഗ്ലണ്ട്

- Advertisement -

സ്കോട്ലൻഡിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ടിന് സമനില.  ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി മത്സരം സമനിലയാവുകയായിരുന്നു.  അവസാന നിമിഷം ഹാരി കെയ്ൻ നേടിയ ഗോളാണ് സ്കോട്ലൻഡിനു വിജയം നിഷേധിച്ചത്.  ഇംഗ്ലണ്ടിന് വേണ്ടി അലക്സ് ചെമ്പെർലൈനും ഹാരി കെയ്‌നും ഗോൾ നേടിയപ്പോൾ സ്കോട്ലൻഡിന്റെ രണ്ടു ഗോളുകളും ഫ്രീ കിക്കിൽ നിന്ന് ഗ്രിഫിത്സ്  നേടി.  വെയ്ൻ റൂണിയുടെ അഭാവത്തിൽ ഹാരി കെയ്ൻ ആയിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ. ടോട്ടൻഹാമിന്‌ വേണ്ടി ഈ സീസൺ മുഴുവൻ മികച്ച ഫോമിൽ കളിച്ച കെയ്ൻ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന്റെ രക്ഷകനാവുകയായിരുന്നു.

കാര്യമായ മുന്നേറ്റങ്ങൾ ഇല്ലാതിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.  ഒരു ഫുട്ബോൾ മത്സരത്തിന്റെ മുഴുവൻ സൗന്ദര്യവും നിറഞ്ഞതായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. റാഷ്‌ഫോർഡിന് പകരം ഇറങ്ങിയ ചെമ്പെർലൈൻ  ആണ് മത്സരത്തിൽ ആദ്യം ഗോളടിച്ചത്. വലത് ഭാഗത്തു നിന്ന് തുടങ്ങിയ മുന്നേറ്റം തടയുന്നതിൽ സ്കോട്ലൻഡ് പ്രധിരോധ നിര പിഴവ് വരുത്തിയപ്പോൾ കിട്ടിയ അവസരം ചെമ്പെർലൈൻ ഗോളാക്കി മാറ്റുകയായിരുന്നു. ലോകകപ്പ് യോഗ്യതയിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഇംഗ്ലണ്ട് ചെമ്പെർലൈന്റെ ഗോളോടെ മത്സരം വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് രണ്ടു മിനുട്ടിന്റെ വ്യത്യാസത്തിൽ രണ്ടു ഫ്രീ കിക്ക്‌ ഗോളുകൾ അടിച്ച് സ്കോട്ലൻഡ് മത്സരത്തിൽ മുൻപിലെത്തിയത്.  ഗ്രിഫിത്സിന്റെ കൃത്യതയാർന്ന രണ്ടു ഫ്രീ കിക്കുകളും ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോ ഹാർട്ടിന് ഒരു അവസരവും കൊടുക്കാതെ വലയിലായി.

സ്കോട്ലൻഡ് മത്സരം വിജയിക്കുമെന്ന ഘട്ടത്തിലാണ് സ്കോട്ലൻഡ് ആരാധകരെ നിശ്ശബ്ദരാക്കി ഹാരി കെയ്ൻ ഗോൾ നേടിയത്. സ്കോട്ലൻഡ് കൈവശമുള്ള പന്ത് കൌണ്ടർ അറ്റാക്കിന് ശ്രമിച്ച് നഷ്ട്ടപെടുത്തിയതാണ് സ്കോട്ലൻഡിനു വിനയായത്. പന്ത് കിട്ടിയ സ്റ്റെർലിങ്ങിന്റെ ക്രോസ്സ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹാരി കെയ്ൻ ഗോളകുകയായിരുന്നു.  സമനിലയോടെ 14 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement