മഞ്ഞപ്പടയ്ക്ക് എതിര് മഞ്ഞപ്പട, സാംബാ താളത്തിൽ കംഗാരുപ്പട വീഴുമോ

- Advertisement -

കോൺഫെഡറേഷൻ കപ്പിന് മുൻപുള്ള അവസാന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ ബ്രസീലിനെ നേരിടും. അർജന്റീനയോട് ഏറ്റ പരാജയത്തിന്റെ ക്ഷീണം ഒരു മികച്ച വിജയത്തോടെ മറികടക്കാൻ വേണ്ടിയാകും ടിറ്റെയുടെ ശ്രമം. തുടർച്ചയായി രണ്ടു മത്സരം പരാജയപ്പെടുക എന്നത് ബ്രസീൽ സംബന്ധിച്ചിടത്തോളം സങ്കൽപ്പിക്കാൻ പറ്റുന്നതല്ല. അത് കൊണ്ട് തന്നെ മികച്ച ടീമിനെ തന്നെയാണ് ടിറ്റെ പ്രഖ്യാപ്പിച്ചത്. അതെ സമയം തുടർച്ചയായി രണ്ടു മത്സരം ജയിച്ചതിൻറെ ആവേശവുമായാണ് ഓസ്ട്രലിയ വരുന്നത്. എ എഫ് സി കപ്പ് യോഗ്യത മത്സരങ്ങളിൽ സൗദി അറേബ്യയെയും യു എ ഇയെയും ആണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്.

നെയ്മർ, ഫിർമിനോ, മാഴ്‌സെലോ തുടങ്ങിയ പ്രമുഖർ ഇല്ലാതെയാണ് ബ്രസീൽ ഓസ്ട്രേലിയയിൽ എത്തിയത്.  അതെ സമയം തിയാഗോ സിൽവ, ഡേവിഡ് ലൂയിസ്, കൗട്ടീഞ്ഞോ തുടങ്ങിയ പ്രമുഖർ ബ്രസീലിനു വേണ്ടി ബൂട്ടകെട്ടും.  കൗട്ടീഞ്ഞോയാവും ബ്രസീൽ ടീമിനെ നയിക്കുക. ആദ്യമായാണ് ബ്രസീലിനെ നയിക്കാൻ കൗട്ടീഞ്ഞോക്കു അവസരം ലഭിക്കുന്നത്.  ഡേവിഡ് ലൂയിസ് മിഡ്‌ഫീൽഡിൽ ആണ് കളിക്കുക എന്ന് ടിറ്റെ അറിയിച്ചിട്ടുണ്ട്.  അർജന്റീനക്കെതിരെ കണ്ണിനു പരിക്കേറ്റ ജീസസ് ഓസ്ട്രേലിയക്കെതിരെ ഇറങ്ങില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ ഗോൾ കീപ്പർ എഡേഴ്സൺ ബ്രസീലിന്റെ വല കാക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ മത്സരത്തിന് ശേഷം കോൺഫെഡറേഷൻ കപ്പിന് റഷ്യയിലേക്ക് പോവുന്ന ഓസ്ട്രേലിയക്ക്  കടുത്ത മത്സരങ്ങളാണ് കാത്തിരിക്കുന്നത്. ലോക ചാമ്പ്യന്മാരായ ജർമനിയും ചിലിയും കാമറൂണും അടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഓസ്ട്രലിയ. കോൺഫെഡറേഷൻ മുന്നിൽ കണ്ട് ഓസ്ട്രലിയ പ്രമുഖ താരങ്ങളായ ടിം കാഹിലിനും ജെഡിനാക്കിനും മുഴുവൻ സമയവും കളിയ്ക്കാൻ അവസരം നൽകിയേക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement