
ലോകം കാത്തിരുന്ന സൂപ്പർ പോരാട്ടത്തിൽ ബ്രസീലും അർജന്റീനയും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടും. ആധുനിക ഫുട്ബോൾ കണ്ട ഏറ്റവും വലിയ ശത്രുതയുടെ മറ്റൊരു ഏട് മെൽബണിൽ കുറിക്കപെടും. സൗഹൃദ മത്സരമാണെങ്കിലും ഇരു ടീമുകളും തോൽവി ആഗ്രഹിക്കുന്നില്ല. മത്സരം തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുൻപ് തന്നെ ഇരു ടീമുകളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ മത്സരം തുടങ്ങി കഴിഞ്ഞിരുന്നു.
ലോകകപ്പ് യോഗ്യതയിൽ മികച്ച ഫോമിലുള്ള ബ്രസീൽ പ്രമുഖ താരങ്ങൾക്കു വിശ്രമം അനുവദിച്ചതാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അതെ സമയം പുതിയ കോച്ച് സാംപോളിക്ക് കീഴിൽ പുതിയൊരു തുടക്കം തേടിയാണ് അർജന്റീന ഇറങ്ങുന്നത്. ലോകകപ്പ് യോഗ്യതയിൽ അഞ്ചാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ട അർജന്റീനക്ക് ബ്രസീലിനെതിരെ വിജയിച്ച് ആത്മവിശ്വാസം നേടാനാവും ശ്രമം.
നെയ്മർ, ഡാനി ആൽവേസ്, റോബർട്ടോ ഫിർമിനോ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. അതെ സമയം മാഴ്സെലോ, മാർക്വിഞ്ഞോസ്,ഡേവിഡ് ലൂയിസ്, വില്യൻ, കൗട്ടീഞ്ഞോ, ഗബ്രിയേൽ ജീസസ് എന്നീ പ്രമുഖ താരങ്ങൾ ടീമിലുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ മുൻ ബെനിഫിക്ക ഗോൾ കീപ്പർ എഡേഴ്സൺ തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപെട്ട് ടീമിനൊപ്പം ചേർന്നിട്ടില്ല. ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പാക്കിയ ബ്രസീലിനു ഇനിയുള്ള മത്സരങ്ങൾ നിർണായകമല്ല. പുതിയ കോച്ച് ടിറ്റെക്കു കീഴിൽ തുടർച്ചയായ വിജയങ്ങളുമായി ബ്രസീൽ ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ ബഹുദൂരം മുൻപിലാണ്.
അതെ സമയം മെസ്സിയെയും ഡിബാലയെയും ചേർത്തുകൊണ്ടുള്ള ഒരു ആക്രമണ രീതി ആയിരിക്കും സാംപൊളി ബ്രസീലിനെതിരെ പരീക്ഷിക്കുക. ഹിഗ്വന്റെ തൊട്ടു പിറകിൽ മെസ്സിയെയും ഡിബാലെയും സാംപൊളി കളിപ്പിക്കും. ബാഴ്സിലോണക്കു വേണ്ടി കോപ്പ ഡെൽ റേ ഫൈനൽ കളിക്കുന്നതിനിടെ പരിക്കേറ്റ മസ്കാരാനോ അർജന്റീന നിരയിൽ ഉണ്ടാവില്ല. മെസ്സിയും ഡിബാലയും ഡി മരിയയും ഐകാർഡിയും അടക്കം ഉള്ള ആക്രമണ നിരയെ എങ്ങനെയാണു സാംപോളി ബ്രസീലിനെതിരെ ഇറക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നവംബറിൽ ബ്രസീലിനെതിരെ ലോകകപ്പ് യോഗ്യത മത്സരം കളിച്ചപ്പോൾ അർജന്റീന 3 – 0 തോറ്റിരുന്നു. നെയ്മറും കൗട്ടീഞ്ഞോയും പൗളിഞ്ഞോയുമായിരുന്നു അന്ന് ഗോൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial