ആറു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ബ്രസീൽ റാങ്കിംഗിൽ ഒന്നാമത്

അർജന്റീനയ്ക്ക് ഇനി പറഞ്ഞു നിൽക്കാൻ ആ ഒന്നാം സ്ഥാനവും ഇല്ല. പുതിയ ഫിഫാ റാങ്കിംഗിൽ അർജന്റീനയെ പിന്തള്ളി ബ്രസീൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. 1661 പോയന്റുമായാണ് ബ്രസീൽ ഒന്നാമതെത്തിയത്. രണ്ടാമതുള്ള അർജന്റീനയ്ക്ക് 1603 പോയന്റേ ഉള്ളൂ. ആറു വർഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ബ്രസീൽ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു വരുന്നത്. അവസാനം 2010 മെയ് മാസത്തിലായിരുന്നു ബ്രസീൽ ഒന്നാം റാങ്കിൽ ഉണ്ടായിരുന്നത്.

റാങ്കിംഗിൽ ആദ്യ പത്തിൽ കൊളംബിയ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്കു വന്നപ്പോൾ ബെൽജിയം രണ്ടു സ്ഥാനങ്ങൾ പുറകോട്ട് പോയി ഏഴാ സ്ഥാനത്തായി. ഉറുഗ്വേ ആദ്യ പത്തിൽ നിന്നും പുറത്താവുകയും ചെയ്തു. റാങ്കിംഗിൽ ഇത്തവണ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് മാസിഡോണിയയും ഇന്ത്യയുമാണ്. മാസിഡോണിയ 33 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയപ്പോൾ ഇന്ത്യ 31 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101 എന്ന അവസാന ഇരുപതു വർഷത്തെ ഏറ്റവും മികച്ച റാങ്കിംഗിൽ എത്തി.

പോളണ്ടും(11) പെറുവും(17) അവരുടെ ചരിത്രത്തിലെ ഏറ്റവും നല്ല റാങ്കിംഗിൽ എത്തിയപ്പോൾ റഷ്യ(61) അവരുടെ ഏറ്റവും മോശം റാങ്കിംഗിലേക്ക് വീണു.

Previous articleഫിഫാ റാങ്കിംഗിൽ ചരിത്ര നേട്ടത്തോടെ ഇന്ത്യൻ കുതിപ്പ്, ഇനി ഇന്ത്യയെ എഴുതി തള്ളേണ്ട
Next articleപൂനെക്കു 185 റൺസ് വിജയ ലക്‌ഷ്യം