
കോൺഫെഡറേഷൻ കപ്പിനു മുൻപുള്ള അവസാന സന്നാഹ മത്സരത്തിൽ ബ്രസീലിനെതിരെ ഓസ്ട്രേലിയക്ക് തോൽവി. 4-0 നാണ് ബ്രസീൽ ഓസ്ട്രേലിയയെ തകർത്തത്. ബ്രസീലിനു വേണ്ടി ഡിയേഗോ സൂസയും തിയാഗോ സിൽവയും ടൈസണും ഗോൾ നേടി. സൗത്ത് അമേരിക്കക്ക് പുറത്തുള്ള ടീമിനെ ആദ്യമായി നേരിടുന്ന ടിറ്റെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്ന് 8 മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്.
കളി തുടങ്ങി 11ആം സെക്കന്റിൽ തന്നെ ഓസ്ട്രേലിയയെ ഞെട്ടിച്ച് ബ്രസീൽ ഗോൾ നേടി. ഡിയേഗോ സൂസയാണ് ഗിലിയാനോയുടെ പാസിൽ നിന്ന് ബ്രസീലിനു വേണ്ടി ഗോൾ നേടിയത്. പ്രധിരോധ നിരയിൽ പാസ് ചെയ്യുന്നതിൽ ഓസ്ട്രേലിയ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ഓസ്ട്രേലിയ വല കുലുക്കി ബ്രസീൽ ഗോൾ നേടുമ്പോൾ രണ്ടു ബ്രസീൽ താരങ്ങൾ മാത്രമാണ് മത്സരത്തിൽ പന്ത് തൊട്ടിരുന്നത്.
28മത്തെ മിനുറ്റിൽ ഡേവിഡ് ലൂയിസിന്റെ പാസിൽ നിന്ന് ഡിയേഗോ സൂസ വീണ്ടും ഓസ്ട്രേലിയൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. ആദ്യമായി ബ്രസീലിന്റെ ക്യാപ്റ്റനായ കൗട്ടീഞ്ഞോയും ഡഗ്ലസ് കോസ്റ്റയുംഡിയേഗോ സൂസയും രണ്ടമത്തെ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമേ ബ്രസീലിനു നേടാനായുള്ളു.
രണ്ടാം പകുതിയിൽ തിയാഗോ സിൽവയിലൂടെ ബ്രസീൽ ലീഡ് ഇരട്ടിയാക്കി. കൗട്ടീഞ്ഞോയുടെ കോർണറിൽ ഡേവിഡ് ലൂയിസിന്റെ ഹെഡർ ബാറിൽ തട്ടി തിരിച്ചു വന്നെങ്കിലും അത് ക്ലിയർ ചെയ്യാൻ ഓസ്ട്രേലിയൻ പ്രതിരോധം സമയമെടുത്തപ്പോൾ തിയാഗോ സിൽവ ഗോളാക്കി മാറ്റുകയായിരുന്നു.
75ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ടൈസണിലൂടെ ബ്രസീൽ ലീഡ് മൂന്നാക്കി ഉയർത്തി. മികച്ച പാസ്സുകൾക്കൊടുവിൽ പൗളിഞ്ഞോയുടെ ഒരു ബാക് ഹീൽ പാസ് സ്വീകരിച്ചാണ് ടൈസൺ ബ്രസീലിന്റെ മൂന്നാമത്തെ ഗോൾ നേടിയത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡിയേഗോ സൂസ തന്റെ രണ്ടാമത്തെ ഗോളും ബ്രസീലിന്റെ നാലാമത്തെ ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാക്കി.
കോൺഫെഡറേഷൻ കപ്പിന് മുൻപുള്ള അവസാന മത്സരത്തിൽ തോൽക്കാനായിരുന്നു ഓസ്ട്രേലിയയുടെ വിധി. 19ആം തിയ്യതി ജർമനിക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial