സൗഹൃദ മത്സരങ്ങള്‍: സമനിലയിൽ കുരുങ്ങി വമ്പന്മാർ

- Advertisement -

ഫുട്ബോള്‍ ലോകത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ വമ്പന്മാര്‍ക്ക് സമനില.
മിലാനിൽ നടന്ന ഇറ്റലി – ജർമ്മനി സൗഹൃദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.  കഴിഞ്ഞ മത്സരത്തിൽ 4 -0 നു ജയിച്ച ഇറ്റലിക്ക് ജർമനിക്കെതിരെ സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകൾക്കും ഗോളവസരങ്ങള്‍ ലഭിച്ചത്.  രണ്ടാം പകുതിയിൽ ഇറ്റാലിയൻ സ്‌ട്രൈക്കർ ആൻഡ്രിയ ബെലോട്ടിയുടെ ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയതാണ് മത്സരത്തിൽ ഉണ്ടായ ഏറ്റവും മികച്ച ഗോളവസരം. ജർമനിയുടെ കെവിൻ വോളണ്ടിന്റെ ഗോൾ ചെറിയ വ്യത്യാസത്തിൽ ഓഫ് സൈഡ് ആയതും ഒഴിച്ച് നിർത്തിയാൽ മത്സരത്തിൽ ഗോൾ അവസരങ്ങൾ തീരെ കുറവായിരുന്നു.

ആവേശകരമായ ഇംഗ്ലണ്ട് – സ്പെയിൻ മത്സരം 2-2 എന്ന സ്കോറിൽ കലാശിച്ചു. രണ്ടു ഗോളിന് ലീഡ് ചെയ്ത ശേഷമാണു ഇംഗ്ലണ്ടിനു സമനില വഴങ്ങേണ്ടി വന്നത്. 9ാം മിനുട്ടിൽ വാർഡിയെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി ലലാന ഗോളാക്കി മാറ്റി ഇംഗ്ലണ്ടിനു വേണ്ടി സ്കോറിംഗ് തുടങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വാർഡിയുടെ തകർപ്പൻ ഹെഡർ ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിപ്പിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ നേടി സ്പെയിൻ സമനില പിടിച്ചു. മുൻ ലിവർപൂൾ സ്‌ട്രൈക്കർ ആസ്പാസും, റയൽ മാഡ്രിഡ് മിഡ് ഫീൽഡർ ഇസ്കോയുമാണ് സ്പെയിനുവേണ്ടി ഗോൾ അടിച്ചത്. ഈ മത്സരത്തോടെ ഇംഗ്ലണ്ടിന്റെ താൽകാലിക കോച്ച് ആയി ചുമതലയേറ്റ സൗത്ത്ഗേറ്റിന്റെ  കാലാവധി അവസാനിച്ചു. ഇംഗ്ലണ്ട് എഫ് എ  പുതിയ കോച്ചായി സൗതഗേറ്റിനെ തന്നെ നിയമിക്കാൻ സാധ്യത ഉണ്ട്.

മറ്റു മത്സരങ്ങളിൽ ഫ്രാൻസ് ഐവറി കോസ്റ്റിനോട് ഗോൾ രഹിത സമനിലയിൽ കുടുങ്ങി. 2018 വേൾഡ് കപ്പ് ആതിഥേയരായ റഷ്യ റോമേനിയയോട് ഒരു ഗോളിന് ജയിച്ചു. ഓസ്ട്രിയ – സ്ലോവാക്കിയ മത്സരം ഗോൾ രഹിത സമാനിലയിൽ അവസാനിച്ചു. ഐസ് ലാൻഡ് 2  ഗോളുകൾക്കു മാൾട്ടയെ പരാജയപ്പെടുത്തി. സണ്ടർലൻഡ് മിഡ്‌ഫീൽഡർ സെബാസ്റ്റ്യൻ ലാർസനും ഇസാക്‌ കീസും  നേടിയ ഗോളുകളിൽ സ്വീഡൻ ഹംഗറിയെ തോൽപ്പിച്ചു.  ഉക്രൈൻ എതിരില്ലാത്ത ഒരു ഗോളിന് സെർബിയയെ തോൽപ്പിച്ചു.

Advertisement